Asianet News MalayalamAsianet News Malayalam

എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം; രണ്ട് സ്ഥാപനങ്ങൾ പൂർണ്ണമായി കത്തി നശിച്ചു

ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി.

fire in edayar industrial area two companies destroyed completely
Author
Kochi, First Published Jan 17, 2021, 6:20 AM IST

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്.

രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഒറിയോൺ എന്ന പെയിന്റ് ഉത്പന്ന കന്പനിയിൽ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി.

ഓറിയോണിൽ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. ജനറൽ കെമിക്കൽസ്, ശ്രീ കോവിൽ റബ്ബർ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടര്‍ന്നത്. സമീപത്തെ ഓയിൽ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

450 ഏക്കറിൽ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാർ മേഖലയിൽ പ്രവർത്തിക്കുന്നത്. കത്തി നശിച്ച സ്ഥാപനങ്ങളിൽ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന ആരോപണവും നാട്ടുകാര്‍ക്കുണ്ട്.

Follow Us:
Download App:
  • android
  • ios