Asianet News MalayalamAsianet News Malayalam

Hospital Fire : കോട്ടയം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം, മാലിന്യ ശേഖരണ കേന്ദ്രം കത്തിയമർന്നു

പതിനൊന്ന് തൊഴിലാളികൾ ഈ ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നു, തീ കത്തുന്നത് കണ്ട് ഇവർ ഓടി പുറത്തിറങ്ങി

Fire in Kottayam Medical College
Author
Kottayam, First Published Dec 18, 2021, 3:55 PM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം (Fire). മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീ പിടിച്ചത്. അഗ്നിശമന സേന (Fire Force) ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ 12 യൂണിറ്റുകൾ ചേർന്ന് രണ്ടര മണിക്കൂർ നേരം കഠിന പ്രയ്തനം നടത്തിയാണ് തീ അണച്ചത്. 

പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. പതിനാറ് തൊഴിലാളികൾ ഈ സമയം ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നു, തീ കത്തുന്നത് കണ്ട് ഇവർ ഓടി പുറത്തിറങ്ങി. പെട്ടന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. തൊഴിലാളികളിലൊരാളുടെ കുട്ടിയും ഈ സമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. 
 

ജനവാസ മേഖലയിൽ നിന്നും മെഡിക്കൽ കോളേജിലെ മറ്റ് കെട്ടിടങ്ങളിൽ നിന്നും അകന്ന് മാറിയാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ തീ  മറ്റ് മേഖലകളിലേക്ക് പടരുകയോ ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയോ ചെയ്തില്ല. 

സംസ്കരണ കേന്ദ്രത്തിന്‍റെ തൊട്ടടുത്ത ഷെഡ്ഡിലെ പേപ്പർ മാലിന്യങ്ങളും കത്തിനശിച്ചു. വലിയതോതിലുള്ള പുകപടലങ്ങളും ഉയർന്നു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഒരു വർഷം 15 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന മാതൃകാ സംസ്കരണ കേന്ദ്രമായിരുന്നു ഇത്‌. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios