ആശുപത്രിയുടെ ഭാ​ഗത്തേക്ക് തീപടര്‍ന്നിട്ടില്ലെങ്കിലും പുക നിറഞ്ഞേക്കുമെന്നതിനാലാണ് രോ​ഗികളെ മാറ്റിയത്. ഫയര്‍ഫോഴ്‍സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നിയുക്ത മന്ത്രി ആന്‍റണി രാജു സംഭവ സ്ഥലത്തെത്തി.  

തിരുവനന്തപുരം: തിരുവനന്തപുരം എസ്‍പി ഫോര്‍ട്ട് ആശുപത്രി ക്യാന്‍റീനില്‍ തീപിടത്തം. ക്യാന്‍റീനിന്‍റെ പാചകപ്പുരയിലെ എണ്ണയിൽ നിന്ന് എക്സ്ഹോസ്റ്റ് ഫാനിലേക്ക് തീ പടർന്നാണ് അപകടം. രാവിലെ ഒന്‍പതേ കാലിനാണ് ക്യാന്‍റീനില്‍ തീപിടിച്ചത്. ജീവനക്കാർ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ എണ്ണയിൽ നിന്ന് എക്സ്ഹോസ്റ്റ് ഫാനിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയുടെ അഗ്നി സുരക്ഷ ജീവനക്കാർ ഉടനടി മെയിൻ സ്വിച്ച് ഓഫാക്കി ആശുപത്രി കെട്ടിടത്തിലേക്ക് തീപടരാതിരിക്കാൻ വേണ്ട നടപടികളെടുത്തു.

പിന്നാലെ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. പുക ആശുപത്രിയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതലായി അത്യാസന്ന വിഭാഗത്തിലുണ്ടായിരുന്ന 23 രോഗികളെ ഉൾപ്പടെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. 12 പേരെ ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്യാന്‍റീനോട് ചേർന്നുള്ള ജനറേറ്ററിലേക്കും എസി എക്സ്ഹോസ്റ്റ് ഫാനിലേക്കും തീപടരാത്തതിനാൽ വൻ അപകടം ഒഴിവായി. ഒന്നര ലക്ഷത്തിന്‍റെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.