പാലക്കാട്: മൂന്ന് മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചെന്ന വാർത്ത വൻ വിവാദത്തിന് തിരികൊളുത്തിയതിന് ശേഷവും അട്ടപ്പാടിയിൽ വെടിവയ്പ്പ്. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ് കൂടിയായ മണിവാസകം ആണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. അതേസമയം ഉൾക്കാട്ടിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. വെടിവെപ്പില്‍ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കർണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകത്തിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പ്പുണ്ടായത്.

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്.

വെടിവെപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും മുറുകിയിരിക്കുകയാണ്. വിഷയം ഇന്ന് സഭയിലും വലിയ കോലാഹലങ്ങൾക്ക് കാരണമായി. അതേസമയം മാവോയിസ്റ്റ് വിഷയത്തിൽ തങ്ങളുടെ മുൻനിലപാടിൽ നിന്ന് മാറ്റമില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞു. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. 

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു കാനത്തിന്റെ മുൻ നിലപാട്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലപാടില്‍ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയത്.

മാവോയിസ്റ്റുകളെ കേസ് നടത്തി ശിക്ഷിക്കുക ആണ് വേണ്ടതെന്നും അമർച്ച ചെയ്യേണ്ടത്  ഈ രീതിയിലല്ലെന്നും കേരള ഹൈക്കോടതി റിട്ട ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. മനുഷ്യനെ വെടിവെച്ചു കൊല്ലാൻ ആർക്കാണ് അധികാരമെന്ന് ചോദിച്ച അദ്ദേഹം പക്ഷെ മാവോയിസ്‌റ്റുകളുടെ പ്രവർത്തികളോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കി.

അട്ടപ്പാടിയിൽ മൂന്ന് മാവോയിസ്റ്റുകളെ വെടിവച്ച്കൊന്ന സംഭവത്തിൽ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു, ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണം, ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്റെതെന്നും ഗ്രോ വാസു കുറ്റപ്പെടുത്തി.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.