വഴിക്കടവ്: ചോലനായ്ക്കര്‍‌ വിഭാഗത്തില്‍ നിന്നുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ സ്ഥാനാര്‍ത്ഥിയായ സി സുധീഷിന് വന്‍ വിജയം. വഴിക്കടവ് ബ്ലോക്ക് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സുധീഷ്. വഴിക്കടവ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കൊല്ലി അളക്കല്‍ കോളനിയില്‍ നിന്നുമുള്ള സുധീഷിന്‍ വിജയം ആഘോഷമാക്കുകയാണ് ഇടതുപക്ഷം.

ഏഷ്യയിലെതന്നെ ഗോത്രനിവാസികളിൽ ഗുഹകളിൽ താമസിച്ചുവന്ന വിഭാഗമാണ് ചോലനായ്‌ക്കർ. ഇത്തവണ എസ്ടി ജനറൽ വാർഡായതോടെ സുധീഷ് എന്ന 21 കാരനെ വഴിക്കടവ് ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാർഥിയാക്കാൻ എൽഡിഎഫ്‌ തീരുമാനിക്കുകയായിരുന്നു. എട്ട് വാർഡ്‌ ഉൾപ്പെടുന്ന ഡിവിഷനിലേക്ക്  വനത്തില്‍ നിന്നും സുധീഷ്‌  എല്ലാ ദിവസവും കിലോമീറ്ററുകള്‍ കാല്‍നടയായി എത്തിയാണ്  പ്രചാരണം നടത്തിയത്.