ബിജെപിയുടെ ഒ രാജഗോപാലും സിപിഐയുടെ കണിയാപുരം രാമചന്ദ്രനും കളം നിറഞ്ഞപ്പോൾ യുവാവിനെ അവതരിപ്പിച്ച് മണ്ഡലം നിലനിർത്തിയ കരുണാകരതന്ത്രം വിജയിച്ച തെരഞ്ഞെടുപ്പാണത്.
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ആദ്യമായി വോട്ടെടുപ്പ് നടന്നത് തിരുവനന്തപുരത്താണ്. 1999ലെ തെരഞ്ഞെടുപ്പിലായിരുന്നു അത്. ബിജെപിയുടെ ഒ രാജഗോപാലും സിപിഐയുടെ കണിയാപുരം രാമചന്ദ്രനും കളം നിറഞ്ഞപ്പോൾ യുവാവിനെ അവതരിപ്പിച്ച് മണ്ഡലം നിലനിർത്തിയ കരുണാകരതന്ത്രം വിജയിച്ച തെരഞ്ഞെടുപ്പാണത്.
1982ൽ നോർത്ത് പറവൂരിൽ പരീക്ഷിച്ചെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ലോക്സഭയിൽ ആദ്യമായി ഉപയോഗിക്കുന്നത് 1999ലാണ്. കേരളത്തിൽ തിരുവനന്തപുരം നഗരവാസികൾക്കാണ് ലോക്സഭയിലേക്ക് ആദ്യമായി വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യാൻ അവസരം കിട്ടിയത്. തീ പാറുന്ന മത്സരമായിരുന്നു അന്ന് തലസ്ഥാനത്തെ മണ്ഡലത്തിൽ. കെ വി സുരേന്ദ്രനാഥിന് ശേഷം മണ്ഡലം പിടിക്കാൻ 1999ൽ തിരുവനന്തപുരത്ത് സിപിഐ നിയോഗിച്ചത് തീപ്പോരി പ്രാസംഗികൻ കണിയാപുരം രാമചന്ദ്രനെയായിരുന്നു. ജയിച്ചാൽ കേന്ദ്രമന്ത്രിയെന്ന പ്രഖ്യാപനവുമായി ഒ രാജഗോപാലിനെ ബിജെപിയും കളത്തിലിറക്കി. കെ കരുണാകരൻ മുകുന്ദപുരത്തേക്ക് മാറിയതോടെ തിരുവനന്തപുരത്ത് ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ച സജീവമാകുമ്പോഴാണ് കരുണാകരൻ തന്നെ ഒരു ചെറുപ്പക്കാരന്റെ പേര് പറഞ്ഞത്. യൂത്ത് കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ.
1991ലെ സിപിഐ സ്ഥാനാർത്ഥി ഇ ജെ വിജയമ്മ പാർട്ടിയോട് കലഹിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ നഗര പ്രദേശത്താണ് നടപ്പാക്കിയത്. ആര് ജയിച്ചാലും അസാധു പരാജയപ്പെടുമെന്ന പ്രചാരണവുമായാണ് വോട്ടിംഗ് യന്ത്രത്തെ ഉദ്യോഗസ്ഥർ പരിചയപ്പെടുത്തിയത്. സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ എങ്ങനെ വോട്ട് ചെയ്യണമെന്ന് പഠിപ്പിച്ചു. ഒടുവിൽ മുതിർന്ന നേതാക്കളെ പരാജയപ്പെടുത്തി വി എസ് ശിവകുമാർ പാർലമെന്റിലേക്ക്. 14,485 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐ വിമത സ്ഥാനാർത്ഥി ഇ ജെ വിജയമ്മ നേടിയ 19652 വോട്ടാണ് കണിയാപുരത്തെ തറപറ്റിച്ചത്.

