കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യം! ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിത ജോയിന്‍റ് ആര്‍ടിഒ
ഇതുവരെ പുരുഷൻമാരായ ഉദ്യോഗസ്ഥർ മാത്രമാണ് ഹെവി വെക്കിക്കിൾ ടെസ്റ്റ് നടത്തിയിരുന്നത്.
പാലക്കാട്: കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി വനിത ജോയിന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്‌റ്റ് നടന്നു. ചിറ്റൂർ ജോയിന്‍റ് ആർടിഒ ബൃന്ദ സനിലാണ്
ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്‌റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ടെസ്റ്റിനെത്തിയവരുടെ ഡ്രൈവിങിലുള്ള കാര്യക്ഷമതയും ടെസ്റ്റുകള്‍ കൃത്യമായി പരിശോധിച്ചതുമെല്ലാം ചിറ്റൂര്‍ ജോയിന്‍റ് ആര്‍ടിഒ ബൃന്ദ സനിലാണ്. ഇതുവരെ പുരുഷൻമാരായ ഉദ്യോഗസ്ഥർ മാത്രമാണ് ഹെവി വെക്കിക്കിൾ ടെസ്റ്റ് നടത്തിയിരുന്നത്.
ബസും ലോറിയും ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത് പുരുഷന്മാരായ എംവിഡി ഉദ്യോഗസ്ഥരാണ്. ഇതിനൊരു മാറ്റമാണ് ബൃന്ദയിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ഉത്തരവാദിത്വം ഡ്യൂട്ടിയുടെ ഭാഗമായതിനാല്‍ ആശ്ചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അതിനുള്ള യോഗ്യതയുള്ളതുകൊണ്ടാണ് ടെസ്റ്റ് നടത്താനുള്ള ചുമതല ലഭിച്ചതെന്നും ബൃന്ദ സനിൽ പറഞ്ഞു.
വണ്ടിത്താവളം-മീനാക്ഷി പുരം റൂട്ടിലാണ് റോഡ് ടെസ്റ്റ് നടന്നത്. ബസിലാണ് റോഡ് ടെസ്റ്റ് നടന്നത്. അപേക്ഷകര്‍ക്ക് ടെൻഷനില്ലാതെ ഓടിക്കാനുള്ള അവസരമാണ് ഒരുക്കിയത്. സഹപ്രവര്‍ത്തകരെല്ലാം നല്ല പിന്തുണയാണെന്നും സന്തോഷമുണ്ടെന്നും ബൃന്ദ സനില്‍ പറഞ്ഞു.സ്ത്രീകളിൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ആദ്യം വന്നത് താനായതിനാലാണ് പിന്നീട് പ്രമോഷൻ കിട്ടി ജോയിന്‍റ് ആര്‍ടിഒ ആകുന്നതും ഇപ്പോള്‍ ഡ്യൂട്ടിയുടെ ഭാഗമായി ടെസ്റ്റ് നടത്താൻ അവസരം ലഭിക്കുന്നതെന്നും ഔദ്യോഗിക ജീവിതത്തിൽ ഏറെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും ബൃന്ദ സനിൽ പറഞ്ഞു.