തിരുവനന്തപുരം: 'പിളരുന്തോറും വളരു'മെന്ന് കെ എം മാണി തന്നെ വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസ്, പാലാ രൂപീകൃതമായ അന്ന് മുതല്‍ വിജയം ഉള്ളം കയ്യില്‍ സൂക്ഷിച്ച പാര്‍ട്ടി... അഞ്ചുപതിറ്റാണ്ടു കാലം കരിങ്ങോഴക്കല്‍ തറവാടിന് സ്വന്തമായിരുന്ന വിജയം മാണി സാറിന്‍റെ വിയോഗത്തോടെ ആര്‍ക്കൊപ്പം എന്നറിയാനുള്ള തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തി പാലാ ചുവന്നു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അട്ടിമറി വിജയം. പാലാക്കാര്‍ മാണി സാറിന്‍റെ സ്വന്തം പാര്‍ട്ടിയെ കൈവിടില്ലെന്നുള്ള ഉറച്ച ആത്മവിശ്വാസം നിഴലിച്ച ഉപതെരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളെയും തിരുത്തി കുറിച്ചാണ് മാണി സി കാപ്പന്‍റെ വിജയം. 

പാലാ എന്നാല്‍ കേരളാ കോണ്‍ഗ്രസെന്നും കേരള കോണ്‍ഗ്രസ് എന്നാല്‍ കെ എം മാണിയെന്നുമുള്ള ധാരണകള്‍ക്ക് അന്ത്യം കുറിച്ചാണ് പാലാചരിത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനം പിടിച്ചത്. 1965 മുതൽ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച മാണി സാറിന്‍റെ വിയോഗത്തിന് സഹതാപതരംഗങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. 

കരിങ്ങോഴിക്കൽ മാണി മാണി എന്ന കെ എം മാണി, പേരിന് പിന്നാലെ തുന്നിച്ചേർത്ത ബഹുമതികൾ ചില്ലറയല്ല. പാലായുടെ സ്വന്തമായിരുന്നു കെ എം മാണി. 'മാണി സാർ' എന്ന് സ്നേഹപൂർവം പാലാക്കാർ വിളിച്ച ആ രാഷ്ട്രീയക്കാരന് തന്‍റെ മേഖലയുടെ ധനശാസ്ത്രമടക്കം സകലതും മനപ്പാഠമായിരുന്നു, അക്ഷരാർത്ഥത്തിൽത്തന്നെ!

മാണിയുടെ പ്രായത്തോടൊപ്പം കൂടുകയായിരുന്നു അദ്ദേഹത്തിന് ലഭിച്ച ബഹുമതികളും. ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 പ്രാവശ്യം), 1980 മുതൽ 86 വരെ തുടർച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചും റെക്കോഡ്, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന റെക്കോഡ്, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലും റെക്കോഡ് - 11 പ്രാവശ്യം, ഒരേ നിയോജകമണ്ഡലത്തെ ഏറ്റവും കൂടുതൽ പ്രതിനിധീകരിച്ച റെക്കോഡ് (1965 മുതൽ പാലാ മണ്ഡലത്തിൽനിന്ന് തുടർച്ചയായ വിജയം (13 തവണയാണ്, ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല), ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത റെക്കോഡ്, ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം ( 54 വർഷം), ഏറ്റവും കൂടുതൽ തവണ നിയമസഭാംഗം (13) എന്നിങ്ങനെ റെക്കോര്‍ഡുകള്‍ എന്നും സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിരുന്നു കെ എം മാണി. 

കെ എം മാണിക്കതിരെ വന്ന പ്രമാദമായ അഴിമതിയാരോപണം ബാർ കോഴക്കേസാണ്. പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കെ എം മാണിക്ക് കോഴ കൊടുത്തെന്ന് 2014-ൽ ബിജു രമേശ് ആരോപണം ഉന്നയിച്ചു. തുടർന്ന് ബാഴക്കോഴ കേസിൽ വിജിലൻസ് അന്വേഷണം നേരിട്ടു. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സമരത്തിനിടെ മാണി തന്‍റെ 13ആം ബജറ്റും അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ പ്രതിഷേധങ്ങൾക്ക് നടുവിലായിരുന്നു. ഒടുവിൽ, ഹൈക്കോടതി വിമർശനത്തെത്തുടർന്ന് 2015 നവംബർ 10-ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ചു. ഇതിന് മുൻപ് മാണി അഴിമതി ആരോപണം നേരിട്ടതാകട്ടെ പാലായിലെ പാലാഴി റബ്ബർ ഫാക്ടറിക്ക് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു.

2016 ഓഗസ്റ്റിൽ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോൺഗ്രസ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി. 2018 ജൂൺ 8-ന് യുഡിഎഫിൽ തിരിച്ചെത്തി, അതും മകൻ ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നേടിക്കൊടുത്തുകൊണ്ട്. 2019-ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലും ജോസഫിനെ വെട്ടി തന്‍റെ ഗ്രൂപ്പുകാരനെ സ്ഥാനാർത്ഥിയാക്കാൻ മാണിക്ക് കഴിഞ്ഞു.

അഴിമതി ആരോപണങ്ങളില്‍ മുങ്ങിയപ്പോഴും പാര്‍ട്ടിയെ കൈവിടാത്ത പാലാക്കാര്‍ ഒടുവില്‍ മാണിയുടെ വിയോഗത്തോടെ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതിന് തെളിവാകുകയാണ് എല്‍ഡിഎഫ് നേടിയ ഈ വിജയം. മാണി സാറില്ലാത്ത പാലായെ ഇനി മറ്റൊരു മാണി നയിക്കും.