തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും. ജോസ് കെ മാണിയെ പുറത്താക്കിയശേഷം ചേരുന്ന ആദ്യ യോഗം കേരള കോൺഗ്രസ്സിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ജോസുമായി വീണ്ടും സമവായ ചർച്ച വേണമെന്ന അഭിപ്രായം കോൺഗ്രസിനുണ്ട്. യുഡിഎഫ് ആവശ്യപ്പെട്ടാൽ സമവായ ചർച്ചക്ക് തയ്യാറാണെന്ന് ലീഗും പറഞ്ഞ സാഹചര്യത്തിൽ മുന്നണി എടുക്കുന്ന തീരുമാനം പ്രധാനമാണ്. 

കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം തൽക്കാലം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തിൽ ജോസഫും അവിശ്വാസത്തിന് നിർബന്ധം പിടിക്കാനിടയില്ല.

അതേ സമയം കഴിഞ്ഞ ദിവസം കെഎം മാണിയുടെ മരണശേഷം കേരള കോൺഗ്രസിനെ പിജെ ജോസഫ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ജോസ് കെ മാണി എംപി ആരോപിച്ചു. പിജെ ജോസഫിന് രാഷ്ട്രീയ അഭയം നൽകുകയാണ് കെഎം മാണി ചെയ്തത്. അത് തെറ്റായിപ്പോയി. കെഎം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫിൻറേത്. കേരള കോൺഗ്രസിനെ സംരക്ഷിക്കാൻ ശ്രമിച്ചതാണോ താൻ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫിനെ പടുത്തുയർത്തുന്നതിൽ  38 വർഷക്കാലം കെഎം മാണിക്ക് നിർണായക പങ്കുണ്ട്. ആ കെ എം മാണിയെയാണ് പുറത്താക്കിയത്. യുഡിഎഫുമായുണ്ടായിരുന്നത് ഹൃദയബന്ധം. ഒരു കാരണവുമില്ലാതെ ആ ഹൃദയ ബന്ധം മുറിച്ച് മാറ്റി. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാൻ കൂടെ നിന്ന പാർട്ടിയെ പുറത്താക്കി.