Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചാൽ നടപടി; മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസിന്‍റെ മുന്നറിയിപ്പ്

മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയും, സാഗര ആപ്ലിക്കേഷൻ  ഇല്ലാതെയും കടലിൽ പോകുന്ന അന്യസംസ്ഥാന വള്ളങ്ങളുടെ ഉടമകൾക്ക് അടക്കം എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്.

fisheries department warning to fishermen
Author
Trivandrum, First Published Jul 21, 2019, 4:30 PM IST

തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോയാൽ മത്സ്യത്തൊഴിലാളികൾക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഫിഷറീസ് വകുപ്പ്. കാലാവസ്ഥാ വകുപ്പ് നൽകുന്ന ജാഗ്രത മുന്നറിയിപ്പ് അവഗണിച്ചും മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയും, സാഗര ആപ്ലിക്കേഷൻ  ഇല്ലാതെയും കടലിൽ പോകുന്ന അന്യ സംസ്ഥാന,  സംസ്ഥാന വള്ളങ്ങൾക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് അനുസരിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

ജീവൻരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ട ആവശ്യകതയെകുറിച്ചു മറൈൻ എൻഫോഴ്‌സ്‌മെന്‍റ്  മത്സ്യതൊഴിലാളികളെ ബോധവത്കരിച്ചിട്ടുണ്ട്. കേരളത്തിൽ ട്രോൾ ബാൻ ഏർപ്പെടുത്തുമ്പോൾ ബോട്ടുകൾ പോകാത്ത സാഹചര്യത്തിൽ മത്സ്യത്തിന് അധിക വില കിട്ടുമെന്നതിനാൽ തമിഴ്‌നാട്ടിൽ നിന്നും വള്ളങ്ങൾ കൂട്ടത്തോടെ വരുന്ന സാഹചര്യം ഉണ്ട്. ഇവർ കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകുന്നതാണ് അപകടത്തിന് കാരണമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ കണ്ടെത്തൽ.  

തമിഴ്നാട്ടിൽ നിന്ന് അടക്കം എത്തുന്ന പല ബോട്ടുകൾക്കും രജിസ്ട്രേഷനും ലൈസൻസും ഇല്ലാത്ത അവസ്ഥയുണ്ട്. ഈ വള്ളങ്ങൾക്ക് യാതൊരു വിധ സുരക്ഷാ മുൻകരുതലുകളും കരുതാത്തതിനാലാണ് അപകടങ്ങളുണ്ടാകുന്നത്. ഇത്തരം വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തു നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നറിയിപ്പ്.

മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios