വരും ദിവസങ്ങളില്‍ വിപണികളില്‍ മത്സ്യത്തിന് ക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ട്രോളിങ്ങ് നിരോധ കാലയളവ് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

തിരുവനന്തപുരം: ലോക്ഡൗണില്‍ മീന്‍പിടുത്ത തുറമുഖങ്ങള്‍ അടച്ചതോടെ സംസ്ഥാനത്തെ മത്സ്യ മേഖല കൂടുതല്‍ പ്രതിസന്ധിയിലായി.വരും ദിവസങ്ങളില്‍ വിപണികളില്‍ മത്സ്യത്തിന് ക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ട്രോളിങ്ങ് നിരോധ കാലയളവ് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കടലില്‍ മീനിന്‍റെ കുറവ് പൊതുവെ മീന്‍പിടുത്ത മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും. ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ മത്സ്യമേഖല സ്തംഭിച്ചു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍.

മത്സ്യം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും കാര്യമായി കുറഞ്ഞു. മിക്കവരും വായ്പയെടുത്താണ് ബോട്ടും വള്ളവുമെല്ലാം വാങ്ങിയിരിക്കുന്നത്. തിരിച്ചടവിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. അനുബന്ധ മേഖലയിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സംസ്ഥാനത്ത് 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി കടലില്‍ പതിക്കുന്നവയാണ്. കായലുകളില്‍ എക്കല്‍ അടിഞ്ഞതോടെ മത്സ്യങ്ങളുടെ പ്രധാന ഭക്ഷണമായ ജൈവാംശങ്ങള്‍ കടലിലെത്തുന്നത് കുറഞ്ഞു.കടലിലെ വെള്ള വലിവിന്‍റെ ദിശമാറ്റവും സ്വാഭാവിക മത്സ്യമേഖല കണ്ടെത്തി മീന്‍പിടിക്കുന്നതിന് തിരിച്ചടിയായി. ഇതെല്ലാം മൂലമാണ് മത്സ്യലഭ്യത കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.അതിനാല്‍ ലോക്ഡൗണ്‍ ഇളവ് വന്നാലും 
മത്സ്യമേഖല കരകയറാന്‍ മാസങ്ങളെടുക്കുമെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona