കൊല്ലം തങ്കശ്ശേരിയിൽ വള്ളത്തിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 

കൊല്ലം: തങ്കശ്ശേരിക്ക് സമീപം കടലില്‍ മത്സ്യബന്ധനവള്ളത്തില്‍ ബോട്ട് ഇടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേ‍ർക്ക് പരിക്കേറ്റു. അപകടമുണ്ടായിട്ടും നിർത്താതെ പോയ ബോട്ടിന് വേണ്ടി തീര സംരക്ഷണ സേന തിരച്ചില്‍ തുടങ്ങി.

ഇന്ന് രാവിലെ അഞ്ചര മണിക്കാണ് അപകടം ഉണ്ടായത്. വലവലിച്ചുകൊണ്ടിരുന്ന മത്സ്യബന്ധന വള്ളത്തിലേക്ക് ബോട്ട് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരും കടലില്‍ തെറിച്ച് വീണു. പള്ളിതോട്ടം സ്വദേശിയായ ബൈജു മുങ്ങി മരിച്ചു. മറ്റ് രണ്ട് പേർ വള്ളത്തില്‍ പിടിച്ചു കിടന്നു. ഇടിച്ച ബോട്ടും പിന്നീട് എത്തിയ രണ്ട് ബോട്ടുകളും ഇവരെ രക്ഷിച്ചില്ല.

വള്ളത്തില്‍ ഇടിച്ച ബോട്ടിനെ കുറിച്ച് അപകടത്തില്‍പ്പെട്ടവർക്ക് കൃത്യമായ വിവരം ഇല്ല. ബോട്ടില്‍ ഉണ്ടായിരുന്നവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. തീരത്ത് നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം ഉണ്ടായത്. ഈ പ്രദേശത്ത് ബോട്ടുകള്‍ മത്സ്യ ബന്ധനം നടത്താൻ പാടില്ല നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടാണ് അപകടത്തിന് വഴിവച്ചതെന്നും ആരോപണം ഉണ്ട്. പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.ബൈജുവിന്‍റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.