മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിൽ വീണാണ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചത്. ചിറയിൻകീഴ് സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. 21 വയസായിരുന്നു. കോവളത്തെ മൂന്നാംവർഷ കാറ്ററിംഗ് വിദ്യാർഥിയായിരുന്നു. വൈകിട്ടോടെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഷഹിന്‍ഷാ കടപ്പുറത്തെത്തിയത്. ഷഹിന്‍ഷാ കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു.
