തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റർ അന്തരിച്ചു. 62 വയസായിരുന്നു. കൊവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.

നാഷണല്‍ ഫിഷർമാന്‍ ഫോറം ദേശീയ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു പീറ്റര്‍. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻന്റെ സംസ്ഥാന പ്രസിഡന്റ് ആയി ദീർഘ കാലം പ്രവർത്തിച്ച പീറ്റര്‍  മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ആദിവാസി മനുഷ്യവകാശ സമരങ്ങളിലും മുൻ നിരയിൽ സജീവം ആയിരുന്നു.

നിലവില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്.  തിരുവനന്തപുരം വേളി സ്വദേശിയായായ പീറ്റർ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി  ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും പീറ്ററാണ്.