എസ് ബി ഐയുടെ  സ്വന്തം ചെലവില്‍ വേണം  പുതിയ പ്രമാണങ്ങള്‍ ശരിയാക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാർ വ്യക്തമാക്കി. 

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്ക് പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കലക്ടറുടെ നിർദ്ദേശം. എസ് ബി ഐയുടെ സ്വന്തം ചെലവില്‍ വേണം പുതിയ പ്രമാണങ്ങള്‍ ശരിയാക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാർ വ്യക്തമാക്കി. പത്ത് വര്‍ഷം ആധാരങ്ങള്‍ക്കായി ബാങ്ക് കയറിയിറങ്ങി ഒരു ഫലവും ഇല്ലാതെ വന്നതോടെ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ ബാങ്ക് ഉപരോധമാണ് വിജയം കണ്ടത്.

ആധാരങ്ങള്‍ നഷ്ടപ്പെട്ടത് മൂലം ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് വരെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് ജില്ലാ കളക്ടറുടെ തീരുമാനം. പ്രതിസന്ധി പരിഹരത്തിനായി ജില്ലാ കലക്ടര്‍ ഹരിത വി കുമാർ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എസ് ബി ഐ തന്നെ സ്വന്തം ചെലവില്‍ പുതിയ ആധാരങ്ങള്‍ തയ്യാറാക്കണമെന്ന തീരുമാനം എടുത്തത്. ഈമാസം 31 നകം തന്നെ രേഖകളെല്ലാം ശരിയാക്കണം. രജിസ്ട്രാര്‍, തഹസീല്‍ദാര്‍ എന്നിവർ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് യോഗത്തിന് ശേഷം ജില്ല കലക്ടർ അറിയിച്ചു

2005 ലാണ് അമലോല്‍ഭവ എന്ന പേരിലുള്ള സ്വാശ്രയഗ്രൂപ്പ് രൂപീകരിച്ച് എസ് ബിഐയുടെ കൊമ്മാടി ശാഖയില്‍നിന്ന് മല്‍സ്യത്തൊഴിലാളികൾ 25 ലക്ഷം രൂപ വായ്പയെടുത്തത്. ബിസിനസ് തകര്‍ന്നതോടെ തിരിച്ചടവ് മുടങ്ങി. പത്ത് വര്‍ഷം മുമ്പ് സര്‍ക്കാർ ഇടപെട്ട് വായ്പ തിരിച്ചടച്ചു. എന്നാൽ ഇന്ന് വരെയും ഇവരില് 17 പേര്‍ക്ക്, ഈടായി നല്‍കിയ പ്രമാണം തിരിച്ചു നല്‍കിയില്ല. ഇന്നലെ പിപി ചിത്തിരഞ്ജന്‍ എംഎൽഎയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികൾ എസ് ബി ഐ റീജിയണൽ ഓഫീസ് ഉപരോധിച്ചപ്പോഴാണ് ആധാരങ്ങൾ നഷ്ടപ്പെട്ട കാര്യം ബാങ്ക് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ല കലക്ടര്‍ ഹരിത വി കുമാര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. 

എസ്ബിഐയിൽ നിന്ന് ആധാരം നഷ്ടപ്പെട്ടു, വില്ലേജ് ഓഫീസിലെത്താൻ കളക്ടറുടെ നിർദ്ദേശം| SBI

Read More: കേരളാ സർക്കാരിന് തിരിച്ചടി, കൊവിഡ് കാല സൗജന്യ കിറ്റിൽ സുപ്രീംകോടതി ഉത്തരവ്; റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം