Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ സ്വന്തം സൈന്യം': മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത് ആയിരത്തോളം പേരെ

രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ (80) സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്.

fishermen saved many people
Author
Trivandrum, First Published Aug 9, 2019, 7:44 PM IST

തിരുവനന്തപുരം: കേരളം മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കുമ്പോള്‍ വീണ്ടും രക്ഷകരാകാന്‍ കേരളത്തിന്‍റെ സ്വന്തം സൈന്യം. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോര്‍ത്ത് ആയിരത്തോളം ആളുകളെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ഫിഷറീസ് വകുപ്പിനൊപ്പം ജീവനുകളെ തിരിച്ചുപിടിക്കാനായി സ്വയം സന്നദ്ധരായെത്തിയത് 579 മത്സ്യത്തൊഴിലാളികളാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിവരെ ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും സംയുക്തമായി  710 പേരെ രക്ഷിച്ചതായി  വകുപ്പിന്‍റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ (80) സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്. സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളില്‍ (180 പേർ) ഏറ്റവും കൂടുതൽ പേർ ആലപ്പുഴയിൽ നിന്നാണ്. മലപ്പുറത്ത് നിന്നുള്ള സംഘമാണ് ഇതുവരെ ഏറ്റവും കൂടുതൽ പേരെ രക്ഷിച്ചത്. മൂന്നുമണിവരെയുള്ള കണക്ക് പ്രകാരം ഇവർ 310 പേരെ രക്ഷിച്ചു.

ആലുവ, ഏലൂർ, പറവൂർ മേഖലകളിലാണ് എറണാകുളത്ത് നിന്നുള്ള വള്ളങ്ങൾ നിയോഗിച്ചിരുന്നത് . തൃശൂരിൽ നിന്നുള്ളവരെ ചാലക്കുടി, നിലമ്പൂർ, മാള, പാലക്കാട് മേഖലകളിലേക്കാണ് നിയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് നിന്നുള്ളവരെ നിലമ്പൂർ, എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, പോത്തുകല്ല്, വാഴക്കാട് പ്രദേശങ്ങളിലാണ്  നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നുള്ളവർ ബേപ്പൂർ, താമരശ്ശേരി, വാഴൂർ, ചാലിയം, ഫെറോക്, മാവൂർ, ഒളവണ്ണ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാണ്. 

കണ്ണൂർ നിന്നുള്ള വള്ളങ്ങൾ ഇരിട്ടി, ശ്രീകണ്ഠാപുരം, ചെങ്കളായി, കുട്ടിയാട്ടൂർ, മയ്യിൽ, പാപ്പിനിശ്ശേരി, നാറാത്ത്, വാരം, കക്കാട്, മുല്ലക്കോടി, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വയനാട് നിന്നുള്ള വള്ളങ്ങൾ വൈത്തിരിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പാലക്കാട് നിന്നുള്ള വള്ളങ്ങൾ ആലത്തൂർ, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇതുകൂടാതെ സജ്ജമായ മറ്റു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ഏതുസമയത്തും ആവശ്യമുള്ള മേഖലകളിലേക്ക് എത്താൻ തയാറായി നിൽക്കുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios