മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തില്‍ 23.24 കോടി രൂപ കുടിശ്ശിക. ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരമുള്ള തുക രണ്ട് വര്‍ഷമായി മുടങ്ങിയതോടെ മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസം പ്രതിസന്ധിയിലായി.
തിരുവനന്തപുരം: പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം നല്‍കാനുള്ള തുക വന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളുടെ തുടര്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 23.24 കോടി രൂപയാണ് കുടിശ്ശികയായത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം ചെലവഴിക്കേണ്ട 23.24 കോടി രൂപയാണ് 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ കുടിശ്ശികയായത്. തിരുവനന്തപുരം (2.44 കോടി), കൊല്ലം (3.77 കോടി), കോഴിക്കോട് (3.28 കോടി) തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്.
വിവരാവകാശ രേഖ
വിവരാവകാശ നിയമ പ്രകാരമാണ് ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ ഓഫീസ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 2,44,37,262 കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക. മറ്റ് ജില്ലകളിലുള്ള കുടിശ്ശിക ഇങ്ങനെയാണ്: കൊല്ലം- 3,77,44,656 കോടി, പത്തനംതിട്ട (1,14,55,799), ആലപ്പുഴ (1,32,67,376), കോട്ടയം (1,23,49,923), ഇടുക്കി (1,72,49,424), എറണാകുളം (2,95,88,469), തൃശ്ശൂര്‍ (95,28,705), പാലക്കാട് (80,26,301), മലപ്പുറം (1,63,17,504), കോഴിക്കോട് (3,28,93,200), വയനാട് (1,72,043), കണ്ണൂര്‍ (20,94,414), കാസര്‍കോട് (15,74,963).
വഴിമുട്ടിയ തുടര്‍ വിദ്യാഭ്യാസം
കോളേജുകളിലും ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസുകള്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിലൂടെയാണ് അടച്ച് പോകുന്നത്, എന്നാല്‍, സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതോടെ ഫീസ് അടയ്ക്കാത്ത സാഹചര്യമാണ്. കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ടിസി (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്), മാര്‍ക്ക് ലിസ്റ്റ് പോലുള്ള അടിസ്ഥാന രേഖകള്‍ പോലും ഇതിനെ തുടര്‍ന്ന് തടഞ്ഞ് വയ്ക്കപ്പെടുന്നു. ഇതോടെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി, വിവരാവകാശ നിയമ പ്രകാരം ഇക്കാര്യം പുറത്തുകൊണ്ടവന്ന കേരള മത്സ്യമേഖലാ വിദ്യാര്‍ത്ഥിസമിതി പ്രവര്‍ത്തകന്‍ സതീഷ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഹോസ്റ്റലുകളില്‍ നിന്നും പുറത്താക്കപ്പെടുന്നു
ഇതോടൊപ്പം, സ്വാശ്രയ / പ്രോഫഷണൽ കോളേജുകളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കാനാകാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്നും പുറത്താവുന്ന സാഹചര്യമുണ്ടെന്നും കുട്ടികള്‍ പറയുന്നു. ഇക്കാരണത്താല്‍, ദീര്‍ഘദൂരം യാത്ര ചെയ്ത് പഠനം തുടരേണ്ട അവസ്ഥയിലാണ് മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍. പത്ത് വർഷം മുമ്പാണ് സർക്കാര്‍ ഹോസ്റ്റല്‍ ഫീസായി മാസം 3,500 രൂപയാക്കിയത്. എന്നാല്‍, ഇന്ന് പല ഹോസ്റ്റലുകളും പ്രത്യേകിച്ചും സ്വകാര്യ ഹോസ്റ്റലുകൾ 5,000 ഉം 6,000 വും രൂപയാണ് ഈടാക്കുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ കിട്ടാക്കനിയായി മാറി. നിരവധി തവണ ഹോസ്റ്റൽ ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന് സർക്കാറിനോട് ആശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ ആ വഴിയും അടഞ്ഞിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ വിദ്യാഭ്യാസ രംഗത്ത് നിന്നും എന്നന്നേക്കുമായി പുറത്താക്കുന്നതിന് വഴിവെക്കുമെന്ന് കേരള മത്സ്യമേഖലാ വിദ്യാര്‍ത്ഥി സമിതി വ്യക്തമാക്കുന്നു.
ഫണ്ടുകളുടെ അപര്യാപ്തത
മത്സ്യത്തൊഴിലാളി സമൂഹം ഇന്നും പരമ്പരാഗത തൊഴിലിനെയാണ് വരുമാനത്തിനായി ആശ്രയിക്കുന്നത്, കാലാവസ്ഥാ മാറ്റം കടലിലെ മത്സ്യസമ്പത്തിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇത് മത്സ്യ ലഭ്യത കുറച്ചു. സ്വാഭാവികമായും മത്സ്യത്തൊഴിലാളികളുടെ വരുമാനവും കുറഞ്ഞു. ഇതോടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഗ്രാന്റുകളെ പതിവിലുമേറെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾ. എന്നാല്‍, സമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൈയൊഴിയുന്നെന്നും സമിതി ആരോപിക്കുന്നു. അമ്പത്തി രണ്ട് കോടി രൂപ ആവശ്യമുള്ള ഇടത്താണ് 20 -25 കോടി രൂപ അനുവദിക്കുന്നത്. ഇതിന് തന്നെ നിരന്തരം സർക്കാര്‍ ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്.
സര്‍വകലാശാലകള്‍ പരീക്ഷാ ഫീസും കോളേജ് ട്യൂഷന്‍ ഫീസും തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുമ്പോള്‍, അതിന് അനുപാതികമായി സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കുന്നില്ല. ഇ-ഗ്രാന്റ്‌സ് പദ്ധതിക്കായി സ്ഥിരമായി ഒരു തുക വകയിരുത്താന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ട്യൂഷന്‍ ഫീസ് അടയ്ക്കാനാകാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പരീക്ഷ ഫീസ് അടയ്ക്കാത്തതിനാല്‍ പലര്‍ക്കും പല പരീക്ഷകളും എഴുതാനാവുന്നില്ല. കോഴ്സ് കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം വിദ്യാര്‍ത്ഥികൾ സര്‍ക്കാര്‍ ഓഫീസുകൾ കയറി ഇറങ്ങിയാണ് പലപ്പോഴും പണം അനുവദിക്കുന്നത്. ഇത്രയും കാലത്തെ പഠനം വിദ്യാര്‍ത്ഥികൾക്ക് നഷ്ടപ്പെടുന്നെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. മൂന്ന് വര്‍ഷത്തെ ഫീസ് കുടിശ്ശിക കുട്ടികളുടെ കൊഴിഞ്ഞു പോക്കിന്‍റെ ആക്കം വര്‍ദ്ധിപ്പിച്ചു.
ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളെ മാനസികമായും തകര്‍ക്കുന്നു. ''കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അനുവദിച്ചിരുന്ന പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം കുടിശ്ശികയായി നിര്‍ത്തുന്നത്, സാമ്പത്തിക പ്രശ്‌നം മാത്രമല്ല. അത് മല്‍സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ജീവിതാവകാശത്തോടും വിദ്യാഭ്യാസാവകാശത്തോടുമുള്ള സാമൂഹിക നീതിയുടെ പ്രശ്‌നം കൂടിയാണെന്ന് കേരള മത്സ്യമേഖലാ വിദ്യാര്‍ത്ഥിസമിതി വ്യക്തമാക്കുന്നു. കുടിശ്ശികയും സര്‍ക്കാറിന്‍റെ ഉത്തരവാദിത്തക്കുറവും തുടര്‍ന്നാല്‍, മത്സ്യമേഖലയിലെ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്ന അവസ്ഥയാകും ഉണ്ടാവുകയെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു.


