അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ എൻജിൻ പ്രൊപ്പല്ലറിൽ വലകുരുങ്ങി നിയന്ത്രണം വിട്ട് ഒഴുകി നടന്ന ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് രക്ഷപ്പെടുത്തി. ചെറിയഴീക്കൽ സ്വദേശി പ്രഭലന്‍റെ ഉടമസ്ഥതയിലുള്ള 'ദേവി ശരണം' ബോട്ടും അതിലുണ്ടായിരിന്ന 10 പേരേയുമാണ് രക്ഷപ്പെടുത്തിയത്.

അഴീക്കൽ തുറുമുഖത്ത് നിന്നും രണ്ടു ദിവസം  മുമ്പാണ് ചെറിയഴീക്കൽ സ്വദേശികളായ പ്രഭലൻ, ഗണേശൻ, രാധാകൃഷ്ണൻ, രാജീവൻ, അറുമുഖൻ, കമലൻ, അജയ് ഷിനു കുഞ്ഞുമോൻ, ശശി എന്നിവർ കടലിൽ പോയത്. കരയിൽനിന്നും 12 നോട്ടിക്കൽ അകലെ മത്സ്യബന്ധനത്തിനിടയിൽ വല ബോട്ടിന്‍റെ യന്ത്രത്തിൽ കുരുങ്ങി. മത്സ്യതൊഴിലാളികൾ മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും വലപുറത്തെടുക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ ജി പി എസ് സംവിധാനം ഉപയോഗിച്ച് അപകട വിവരം തൊഴിലാളികൾ

ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് എൻഫോഴ്സ്മെന്‍റ് ആലപ്പുഴയിൽ നിന്നുള്ള
ഗാർഡുകളായ അഭയൻ യദുകുലം, ജയൻ, പോലീസുകാരനായ ജോസഫ്, ബോട്ടിന്‍റെ സ്രാങ്കായ കുഞ്ഞുമോൻ എന്നിവരുടെ 6 മണിക്കൂറത്തെ പരിശ്രമത്തെ തുടർന്നാണ് എൻജിനിൽ കുരുങ്ങിയ വല നീക്കം ചെയ്തത്. തൊഴിലാളികളെയും ബോട്ടും ഉച്ചക്ക് ശേഷം മൂന്നോടെ അഴീക്കൽ തുറമുഖത്തെത്തിച്ചു. വല പൂർണ്ണമായും നശിച്ചു.