മലപ്പുറം: പൊന്നാനിയിൽ നിന്ന് പോയ മീൻപിടുത്ത ബോട്ട് അപകടത്തിൽപ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സന്ദേശമയക്കുകയായിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്.

എട്ട് മണിക്കൂറായി ഇവർക്കുള്ള തെരച്ചിൽ നടക്കുകയാണെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ട് കണ്ടെത്താനായിട്ടില്ല.പുലർച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നുവെങ്കിലും ഇതിന് ശേഷം ഇവരുമായി ആശയവിനിമയം ചെയ്യാൻ പറ്റിയിട്ടില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനാലാണ് വടക്കൻ കേരളത്തിൽ കൂടുതലായി മഴയ്ക്ക് സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. തീരദേശത്ത് കടലാക്രമണവും കനത്ത കാറ്റും തുടരുകയാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.