കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ഡി ആർ അനിൽ ചോദ്യം ചെയ്യലില്‍ മൊഴി നൽകി. 

തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ കത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം അവസാനിച്ചിട്ടും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചോ വിജിലൻസോ 
കത്തിന്‍റെ ശരിപകർപ്പ് പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറും ഡി ആർ അനിലിന്‍റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

കരാർ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിച്ചു. മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്ന് തുടക്കം മുതൽ സിപിഎം നിലപാടെടുത്തു. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. രണ്ട് ഏജൻസികൾക്കും കത്തിന്‍റെ ശരി പകർപ്പോ, ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മേയറുടെയും കോർപ്പറേഷൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്.