എതിർ ലിംഗക്കാരുമായി സംസാരിക്കാൻ ബേസ്മെന്റ് ഉപയോഗിക്കണം എന്നും വാടകക്കാരോട് ആവശ്യപ്പെട്ടതായി അവിവാഹിതരായ വാടകക്കാർ ആരോപിക്കുന്നു

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ 2 മാസത്തിനുള്ളിൽ ഒഴിയണമെന്ന് തിരുവനന്തപുരത്ത് ഫ്ലാറ്റ് അസോസിയേഷന്റെ നോട്ടീസ്. പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷന്റേതാണ് നിർദേശം. അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ താമസക്കാർക്ക് നോട്ടീസ് നൽകി. അവിവാഹിതർ നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിർലിംഗക്കാരെ ഫ്ളാറ്റിൽ കയറ്റരുതെന്നും ഫ്ലാറ്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു. ജനുവരി മൂന്നിനാണ് ഫ്ലാറ്റിലെ അവിവാഹിതരായ വാടകക്കാർക്ക് അസോസിയേഷൻ ഭാരവാഹികൾ നോട്ടീസ് നൽകിയത്. എതിർ ലിംഗക്കാരുമായി സംസാരിക്കാൻ ബേസ്മെന്റ് ഉപയോഗിക്കണം എന്നും വാടകക്കാരോട് ആവശ്യപ്പെട്ടതായി അവിവാഹിതരായ വാടകക്കാർ ആരോപിക്കുന്നു.

നോട്ടീസിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

1. നേരിട്ടുള്ള രക്തബന്ധത്തിലുള്ള ബന്ധുക്കളല്ലാതെ എതിർ ലിംഗത്തിലുള്ള ആരെയും ഫ്ലാറ്റിൽ പ്രവേശിപ്പിക്കരുത്. വാടകക്കാർക്ക് ഫ്ലാറ്റിന്റെ ബേസ്മെന്റിലെ ഓഫീസ് രജിസ്റ്ററിൽ പേരെഴുതിയ ശേഷം സന്ദർശകരോട് ഇവിടെ വെച്ച് തന്നെ സംസാരിക്കാം. 

2. എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോൺ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോൺ നമ്പറും അസോസിയേഷന് സമർപ്പിക്കണം. ഇവ സന്ദർശക രജിസ്റ്ററിലും രേഖപ്പെടുത്തണം.

3. ഫ്ലാറ്റ് സമുച്ചയം കുടുംബങ്ങൾക്ക് മാത്രം താമസിക്കാനായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ അവിവാഹിതരായ താമസക്കാർ ഉടൻ ഇവിടെ നിന്ന് ഒഴിയണം.

4. നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരനോട് തർക്കിക്കുകയും ചെയ്താൽ പൊലീസ് ഇടപെടും. വിവരം രക്ഷിതാക്കളെയും മാതാപിതാക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്യും.