ദില്ലി:നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് മരടിലെ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കിയതെന്ന് സുപ്രീംകോടതിയിൽ നിർമ്മാതാക്കളുടെ സത്യവാങ്മൂലം. കെട്ടിട നിർമാണ കമ്പനിയായ ആൽഫ വെഞ്ചേഴ്സ് ആണ് സത്യവാങ്മൂലം നൽകിയത്.  ഫ്ലാറ്റുകൾ നിർമിക്കുന്നതിൽ നിയമം ലംഘനം ഇല്ലെന്ന് മരട് പഞ്ചായത്ത്  ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്...കെട്ടിട നിർമാണത്തിന് കേരള ഹൈക്കോടതിയും അനുമതി നൽകിയിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഫ്ലാറ്റ് നിർമാതാക്കൾ ഉത്തരവാദിയല്ല. നഷ്ടപരിഹാരം ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വസ്തുതകൾ പരിശോധിക്കാതെയെന്നും സത്യവാങ്മൂലത്തിൽ നിർമ്മാതാക്കൾ വ്യക്തമാക്കി.

ഫ്ലാറ്റ് പൊളിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധൻ നാളെ കൊച്ചിയിലെത്താനിരിക്കെയാണ്  ഫ്ലാറ്റ് നിർമ്മാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കാനുള്ള തീരുമാനം തടയാനുള്ള അവസാന വട്ട ശ്രമമെന്ന നിലയിലാണ് നിർമ്മാതാക്കളുടെ നീക്കം.  നേരത്തെ മരട് ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്ക് എതിരായി ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ പുനഃ പരിശോധന ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. നഷ്ടപരിഹാരത്തിനുള്ള തുക സർക്കാർ നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.  ഫ്ളാറ്റുടമകൾക്ക് നാലാഴ്ചക്കകം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ആയിരുന്നു ഉത്തരവ്.

മരടിലെ ഫ്ലാറ്റുകൾ അനധികൃതമെന്നും ഫ്ലാറ്റ് നിർമ്മാണത്തിനായി വ്യാപകമായി കയ്യേറ്റം നടന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നിർമ്മാതാക്കൾക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണം അനധികൃതമെന്ന് ക്രൈംബ്രാ‌ഞ്ചും കണ്ടെത്തിയത്. 

Read More: മരടിലെ ഫ്ലാറ്റുകൾ അനധികൃതമെന്ന് ക്രൈം ബ്രാഞ്ചും; പൊളിക്കാൻ വിദഗ്ധൻ നാളെയെത്തും.

2020 ഫെബ്രുവരിക്കകം  മരടിലെ അനധികൃത പാര്‍പ്പിട സമുച്ചയങ്ങൾ പൊളിച്ചുനീക്കി എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ കര്‍മ്മ പദ്ധതി. ഫ്ലാറ്റുകൾ പൊളിക്കണമെന്ന തീരുമാനത്തിൽ സുപ്രീംകോടതി ഉറച്ചുനിന്നതോടെയാണ് നടപടികളിലേക്ക് സർക്കാർ കടന്നത്. ഇതിൻപ്രകാരം ഈ വെള്ളിയാഴ്ച ഫ്ലാറ്റുകൾ പൊളിച്ചുതുടങ്ങാനാണ് ശ്രമം. 100 കോടിയോളം രൂപ ഇതിന് വേണ്ടിവരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഈ തുകയും കെട്ടിടം പൊളിക്കാൻ വേണ്ടിവരുന്ന ചെലവും ഫ്ലാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കും.

2006ൽ മരട് പ‌ഞ്ചായത്ത് ആയിരിക്കുമ്പോഴാണ് 4 പാർപ്പിട സമുച്ഛയത്തിന്റെയും നിർമ്മാണം തുടങ്ങിയത്.  സിആർസെഡ് 3 ൽ ഉൾപ്പെടുന്ന ഇവിടെ പഴയ നിയമമനുസരിച്ച് 300 മീറ്റർ അകലെ മാത്രം നിർമ്മാണ പ്രവർത്തികൾക്ക് അനുമതിയുള്ളൂ. ഇതായിരുന്നു സുപ്രീം കോടതി കണ്ടെത്തിയ ഗുരുതരമായ നിയമ ലംഘനം. നിയമവിരുദ്ധമായാണ് പാർപ്പിട സമുച്ഛയം പണിതതെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ട നഗരസഭ  എപ്പോൾ വേണമെങ്കിലും ഒഴിയേണ്ടിവരുമെന്നും മുന്നറിയിപ്പിലാണ് നിർമാതാക്കൾക്ക് കൈവശാവകാശ രേഖ നൽകിയതെന്നും തുടർന്ന് വ്യക്തമായി.