Asianet News MalayalamAsianet News Malayalam

'മരടില്‍ മക്കളുടെ പേരില്‍ ഫ്ലാറ്റുകളുണ്ട്'; നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍

ഇന്ന് 23 പേർക്ക് കൂടി 25 ലക്ഷം രൂപ നൽകണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഇതോടെ 180 ഫ്ലാറ്റ് ഉടമകൾക്കാണ് 25 ലക്ഷം രൂപ വീതം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്

flat constructors in maradu claim for compensation
Author
kochi, First Published Oct 29, 2019, 2:36 PM IST

കൊച്ചി: മരടിലെ പൊളിക്കുന്ന കെട്ടിടത്തില്‍ മക്കളുടെ പേരില്‍ ഫ്ലാറ്റുകളുള്ളതിനാല്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന അപേക്ഷയുമായി ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍. പൊളിക്കുന്ന ഫ്ലാറ്റ് സമുച്ഛയങ്ങളിൽ മകളുടെയും മകന്‍റെയും പേരിൽ കെട്ടിടമുണ്ടെന്ന് കാട്ടിയാണ് രണ്ട് ഫ്ലാറ്റ് നിർമ്മാതാക്കൾ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിക്ക് മുന്നിൽ അപേക്ഷ നൽകിയത്. 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാര തുകയായി അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാൽ സുപ്രീംകോടതി, ഫ്ലാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാൽ  ഇവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നത് പിന്നീടെന്ന് സമിതി അറിയിച്ചു. വിൽപ്പന കരാർ കൈവശമില്ലാതിരുന്ന ഗോൾഡൻ കായലോരം ഫ്ലാറ്റിലെ രണ്ടും ഹോളിഫെയ്ത്തിലെ  21 പേരുടെയും നഷ്ടപരിഹാര അപേക്ഷകളും പുതുതായി സമിതിക്ക് മുന്നിലെത്തി. വിൽപ്പന കരാർ ഇവരുടെ കൈവശമില്ലെങ്കിലും  ഈ ഫ്ലാറ്റുകൾ അനുമതി വാങ്ങി നിർമ്മിക്കുകയും നഗരസഭ കെട്ടിട നമ്പര്‍ കൊടുക്കുകയും വസ്തുനികുതി ഇവരിൽ നിന്ന് ഈടാക്കുകയും ചെയ്തിട്ടുണ്ട്.

കെട്ടിട നിർമ്മാണത്തിന്‍റെ സമയത്ത് അൺഡിവൈഡഡ് ഷെയർ എന്ന പേരിൽ ഭൂമിയുടെ അവകാശം കൂടി നൽകുന്ന ഉടമകൾക്ക് സാധാരണ രീതിയിൽ വിൽപ്പന കരാർ നൽകാറില്ല, മാത്രമല്ല ഇന്ന് അപേക്ഷ സമർപ്പിച്ച 23 പേരും 25 ലക്ഷത്തിൽ കൂടുതൽ തുക ഫ്ലാറ്റ് വാങ്ങുന്നതിനായി ചെലവഴിച്ചവരാണെന്നും സമിതി കണ്ടെത്തി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഈ 23 പേർക്ക് കൂടി 25 ലക്ഷം രൂപ നൽകണമെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്തു .ഇതോടെ 180 ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകണമെന്ന് ഇതുവരെ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios