തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഹീര ഗ്രൂപ്പുമായി പൊലീസിൻ്റെ ഒത്തുകളി. ഫ്ലാറ്റ് തട്ടിപ്പ് നടത്തിയതിന് ഹീര ഗ്രൂപ്പ് ഉടമ എ ആർ ബാബുവിനെതിരെ മ്യൂസിയം പൊലീസെടുത്ത ആറു കേസുകളിൽ ഒരണ്ണത്തിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്ലാറ്റ് തട്ടിപ്പും, വായ്പ തട്ടിപ്പും നടത്തിയതിന് ഹീര ഗ്രൂപ്പിനെതിരെ നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത്. 

പക്ഷേ ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ഹീര ഉടമകള്‍ രക്ഷപ്പെടുന്നതെന്നാണ് ആരോപണം. വിൽപ്പന നടത്തിയ ഫ്ലാറ്റുകളുടെ പ്രമാണം ഉടമകള്‍ പോലും അറിയാതെ ബാങ്കുകളിൽ വച്ച് വായ്പയെടുത്തിന് ആറു കേസുകളാണ് ഹീര ഗ്രൂപ്പിനെതിരെ കഴിഞ്ഞ വർഷം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്. ഹീര ഗ്രൂപ്പ് ഉടമ അബ്ദുള്‍ റഷീദെന്ന ബാബും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ബാങ്ക് മാനേജറുമാണ് പ്രതികള്‍. പക്ഷെ ഒരു നടപടിയും പൊലീസിൻ്റെ ഭാഗത്തുനിന്നുമുണ്ടായില്ല. 

പരാതിക്കാരിൽ ഒരാളായ ബിജെപി നേതാവ് വി ടി രമക്ക് ജപ്തി നോട്ടീസ് വന്നതോടെ പൊലീസിന് മേൽ സമ്മർദ്ദമായി. ഇതോടെയാണ് രമ നൽകിയ പരാതിയിൽ ബാബുവിനെ മ്യൂസിയം പൊലീസ് വ്യാഴ്ചാച രാത്രി കസ്റ്റഡിയിൽ എടുത്തത്. ഉടനെ മെഡിക്കൽ കോളജ്ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകളും നടന്നു. ഒത്തുതീർപ്പുകൾ നടക്കതെ വന്നതോടെ വെള്ളിയാഴ്ച വൈകുന്നേരം മാത്രമാണ് വഞ്ചനകുറ്റത്തിന് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  

ഇപ്പോഴും ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷത്തിലുള്ള ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റാതെ ജനറൽ വാർഡിലാണ് ബാബുവുള്ളത്. മാത്രമല്ല മറ്റ് കേസുകളുള്ള കാര്യം കോടിയെ അറിയിക്കുകയോ ആ തട്ടിപ്പു കേസുകള്‍ അറസ്റ്റ് രേഖപ്പെടുത്തുകയോ  ചെയ്തിട്ടില്ല. ബാബുവിനെ റിമാൻഡ് ചെയതിനു ശേഷം ഒരു ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ചു കയർത്തുവെന്നാണ് വിവരം. ആശുപത്രിയിൽ കിടന്നു തന്നെ ബാബുവിന് തിങ്കഴാഴ്ച ജാമ്യം ലഭിക്കാൻ വേണ്ടിയാണ് മറ്റു കേസുകളിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തതെന്നാണ് ആക്ഷേപം.