കരിപ്പൂര്‍ : ലാന്‍റ് ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ട വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ ഊര്‍ജ്ജിത ശ്രമം. നാടിനെ ഞെട്ടിക്കുന്ന അപകടത്തിൽ പെട്ടവരെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ടേബിൾടോപ്പ് റൺവെ ആണ് വിമാനത്താവളത്തിലുള്ളത്. ലാന്‍റിംഗ് പിഴച്ചതോടെ മുപ്പത് അടിയോളം താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ദൃക്സാക്ഷികൾ പറയുന്നതനുസരിച്ചാണെങ്കിൽ വലിയ അപകടം തന്നെയാണ് കരിപ്പുരിൽ നടന്നിട്ടുള്ളത്.  ആശുപത്രിയിലേക്ക് ആദ്യം എത്തിച്ചവരുടെ എല്ലാം  നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ അപകട സ്ഥലത്ത്നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ നിരവധി ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി അധികൃതരും കോഴിക്കോട് മലപ്പുറം ജില്ലകളിലെ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളും കരിപ്പൂരിൽ കേന്ദ്രീകരിക്കുകയാണ്.

കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചവരുടെ എല്ലാം നില അതീവ ഗുരുതരമാണെന്ന് ആശുപത്രിയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. രണ്ട് മരണം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപടത്തിൽ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചിട്ടുണ്ട്. ശരീര ഭാഗങ്ങൾ അറ്റുപോയ നിലയിലാണ് പലരേയും ആശുപത്രിയിലെത്തിച്ചിട്ടുള്ളത്.  പൈലറ്റിനും സഹ പൈലറ്റിനും സാരമായ പരിക്കേറ്റതായാണ് വിവരം.