സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ സ്പൈസ് ജെറ്റ് വിമാനവും നെടുമ്പാശ്ശേരിയിൽ ഖത്തർ എയർവേയ്സ് വിമാനവുമാണ് റദ്ദാക്കിയത്

കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. കൃത്യമായ കാരണം വ്യക്തമാക്കാതെ സർവീസ് ഉപേക്ഷിച്ചതിൽ യാത്രക്കാർ ശക്തമായ പ്രതിഷേധമുയർത്തി. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ നിന്ന് റദ്ദാക്കിയിരുന്നു. അതിനിടെ, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് സർവീസ് നിർത്തിവെച്ചത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player