വേണാട് എക്സ്പ്രസിലെ രൂക്ഷമായ തിരക്കിൽ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എംപി. വേണാട് എക്സ്പ്രസിന് മുമ്പായി എറണാകുളം – കോട്ടയം – കൊല്ലം റൂട്ടിൽ ഒരു അധിക വൈകുന്നേര ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് ആവശ്യം. എംപി റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ ദുരിതയാത്രയ്ക്ക് അടിയന്തര പരിഹാരം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വൈകുന്നേര സമയങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്കാരുടെ തിരക്ക് അതീവ ആശങ്കാജനകമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വേണാട് എക്സ്പ്രസിന് മുമ്പായി എറണാകുളം – കോട്ടയം – കൊല്ലം റൂട്ടിൽ ഒരു അധിക വൈകുന്നേര ട്രെയിൻ സർവീസ് അടിയന്തരമായി അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയിട്ടുണ്ടെന്ന് എംപി അറിയിച്ചു.
എറണാകുളം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ നിന്ന് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫുട്ബോർഡിന് സമീപം പോലും അപകടകരമായ സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടിവരുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. പരശുറാം എക്സ്പ്രസിനും തുടർന്ന് ലഭിക്കുന്ന സർവീസിനുമിടയിലെ ഏകദേശം മൂന്ന് മണിക്കൂർ ഇടവേളയും വൈകുന്നേരത്തെ അമിത തിരക്കിന് പ്രധാന കാരണമാണെന്ന് എംപി ചൂണ്ടിക്കാട്ടി.
പുതിയ റേക്ക് ലഭിക്കുന്നതുവരെ കാത്തിരിക്കാതെ, ഇതിനകം എൽഎച്ച്ബി റേക്കുകളിലേക്ക് മാറ്റിയ സർവീസുകളിൽ നിന്ന് ലഭ്യമായ ഐസിഎഫ് റേക്ക് ഉപയോഗിച്ച് അധിക സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത റെയിൽവേ ബോർഡും സതേൺ റെയിൽവേയും അടിയന്തരമായി പരിശോധിക്കണം. അധിക സർവീസ് ആരംഭിച്ചാൽ വൈകുന്നേര സമയത്തെ യാത്രക്കാരുടെ തിരക്ക് വിവിധ ട്രെയിനുകളിലേക്ക് വിതരണം ചെയ്യാനും വേണാട് എക്സ്പ്രസിലെ അമിത തിരക്ക് കുറയ്ക്കാനും കഴിയും. അതുവഴി യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ സാധിക്കുമെന്നും എംപി വ്യക്തമാക്കി.
വിഷയത്തിൽ കൂടുതൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് വിഷയം ഉന്നയിക്കും. വിഷയത്തിൽ ഇടപെടൽ തേടി റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റയിൽസ് അടക്കമുള്ളവർ തന്നെ സമീപിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എറണാകുളം – കോട്ടയം – കൊല്ലം റൂട്ടിൽ അധിക വൈകുന്നേര ട്രെയിൻ സർവീസ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.


