കൊച്ചി: പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരുടെ മനോഭാവങ്ങളിലുണ്ടാകുന്ന  മാറ്റം അനുസരിച്ച് ദുരിതാശ്വാസത്തിന്‍റെ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകുന്ന അവസ്ഥയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ പദ്ധതികൾക്കുള്ള പ്രധാന പോരായ്മയെന്ന് പരാതിപ്പെടുന്നവരും കുറവല്ല. അത്തരം ഒരു കണക്കെടുപ്പിന്‍റെ ഇരയാണ് പറവൂര്‍ തേലത്തുരുത്ത് സ്വദേശി ഗോപി .

ആദ്യ പരിശോധനയിൽ വീട് പൂർണ്ണമായും തകർന്നവരുടെ പട്ടികയിലായിരുന്ന ഗോപി പിന്നീട് നടന്ന പരിശോധനയിൽ ഭാഗികമായി വീട്  തകർന്നവരുടെ പട്ടികയിലായി. ആദ്യ പരിശോധനയിൽ വീട് വാസയോഗ്യമല്ലെന്ന് കണ്ടത്തിയതോടെ വീട് പൊളിച്ച് മാറ്റിയ ഗോപി നിലവിൽ വീടുമില്ല പണവുമില്ല എന്ന സ്ഥിതിയിലാണ്. 

വീട് പൊളിച്ച് മാറ്റിയതിനാൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മറിച്ച ഷെഡ്ഡിലേക്ക് താമസം മാറിയിരിക്കുകയാണ് ഗോപിയും കുടുംബവും. ആദ്യം തെളിവെടുപ്പിന് വന്ന ഉദ്യോഗസ്ഥര്‍ വീട് നൂറ് ശതമാനം തകര്‍ന്നെന്നും വാസയോഗ്യമല്ലെന്നുമാണ് വിലയിരുത്തിയതെന്ന് ഗോപി പറയുന്നു. 

തുടര്‍ന്നാണ് വീട് പൊളിച്ച് മാറ്റിയത് . എന്നാൽ പിന്നീടത് 54 ശതമാനമായി കുറഞ്ഞെന്നാണ് ഗോപി പറയുന്നത്. അങ്ങനെ ഒരു വിലയിരുത്തൽ ഉണ്ടാകാനുള്ള കാരണമോ അതിന് ഉള്ള പരിഹാരമോ ഒന്നും ഗോപിയോട് പറയാൻ അധികൃതര്‍ക്ക് ആകുന്നുമില്ല.