കൊച്ചി: എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. കളക്ട്രേറ്റിലെ ജീവനക്കാരിയുടെ കാക്കനാട്ടെ ഹോസ്റ്റലിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ദുരിതാശ്വാസ വിഭാഗത്തിൽ നിന്ന് കാണാതായ ഫയലുകൾക്കായാണ് അന്വേഷണം. ഒരു മണിക്കൂർ നീണ്ട പരിശോധനയിൽ ജീവനക്കാരി താമസിച്ച മുറിയിൽ നിന്ന് ചില രേഖകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

തട്ടിപ്പിലെ മുഖ്യ സൂത്രധാരനും കളക്ട്രേറ്റിലെ ക്ലർക്കുമായ വിഷണു പ്രസാദിന്‍റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ആകെ 1.08 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് തട്ടിയെടുത്തതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തി. പ്രളയ തട്ടിപ്പിലെ രണ്ടാമത്തെ കേസിൽ വിഷണു പ്രസാദിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.