ദില്ലി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 142 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ബിഹാറിൽ മാത്രം 78 പേർ മരിച്ചു. പകർച്ചവ്യാധികൾ തടയാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാ‍ർ സംസ്ഥാന സർ‍ക്കാരുകൾക്ക് നിർദ്ദേശം നൽകി.

അസം, ബിഹാർ ,മേഘാലായ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. ഒരു കോടിയിലധികം പേരെ പ്രളയം ബാധിച്ചെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. ബിഹാറിൽ 18 ജില്ലകളിലായി  57 ലക്ഷം പേർ ദുരിതത്തിലാണ്.  1119 ദുരിതാശ്വാസ ക്യാമ്പുകൾ ബിഹാറിൽ തുറന്നു. നാല് ലക്ഷത്തോളം പേർ ക്യാമ്പുകളിൽ ഉണ്ട്. ഭക്ഷണവും ശുദ്ധജലവും മരുന്നും ഉറപ്പുവരുത്തിയതായി ബിഹാർ സർക്കാർ അറിയിച്ചു. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ആർജെ‍ഡി രാജ്യസഭയിൽ നോട്ടീസ് നൽകി. 

അസമിൽ 33 ജില്ലകളിലായി 60 ലക്ഷം പേരെ പ്രളയം ബാധിച്ചു. 1080 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. വനമേഖലകളിൽ കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ ഒറ്റകൊമ്പൻ കണ്ടാമൃഗങ്ങൾ അടക്കം ചത്തു. മൃഗങ്ങളുടെ സുരക്ഷക്കായി താൽക്കാലിക സംവിധാനങ്ങൾ പാ‍ർക്കുകളിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. മേഘാലയയില്‍ 159 ഗ്രാമങ്ങളിലായി രണ്ട്  ലക്ഷം പേരെ പ്രളയം ബാധിച്ചു. മിസോറാമിൽ 5000 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.