Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; ഫീല്‍ഡ് പരിശോധന വേണ്ടെന്ന് റവന്യുവകുപ്പ്

സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്യാംപുകളിലെത്തിയ 1,11000 കുടുംബങ്ങള്‍ക്ക് ഉടനടി പതിനായിരം രൂപ വീതം സഹായം നല്‍കും. പ്രളയത്തെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറുകയോ സര്‍ക്കാര്‍ ക്യാംപിലെത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഫീല്‍ഡ് തല പരിശോധന നടത്തിയ ശേഷമാകും സഹായം നല്‍കുക

flood relief financial aid
Author
Calicut, First Published Aug 23, 2019, 2:42 PM IST

കോഴിക്കോട്: ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധന നടത്താതെ തന്നെ  പതിനായിരം രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ റവന്യൂ വകുപ്പിന്‍റെ ശുപാര്‍ശ. ഓണത്തിന് മുമ്പ് എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര സഹായം നല്‍കാനാണ് തീരുമാനം. ആയിരം വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനും റവന്യൂ വകുപ്പ് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് നാളെയിറങ്ങും. 

സംസ്ഥാനത്ത് പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അനര്‍ഹരായ ആയിരക്കണക്കിനാളുകള്‍ പണം കൈപ്പറ്റിയ പശ്ചാത്തലത്തില്‍ അടിയന്തര സഹായം അനുവദിക്കും മുമ്പ്  വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സംഘം ഫീല്‍ഡ് പരിശോധന നടത്തി അര്‍ഹത ഉറപ്പാക്കിയ ശേഷം സഹായം നല്‍കിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ഏറെ സമയം വേണ്ടി വരുമെന്നതിനാലാണ് ക്യാംപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുളള റവന്യുവകുപ്പിന്‍റെ തീരുമാനം.

 സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്യാംപുകളിലെത്തിയ 1,11000 കുടുംബങ്ങള്‍ക്ക് ഉടനടി പതിനായിരം രൂപ വീതം സഹായം നല്‍കും. പ്രളയത്തെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറുകയോ സര്‍ക്കാര്‍ ക്യാംപിലെത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഫീല്‍ഡ് തല പരിശോധന നടത്തിയ ശേഷമാകും സഹായം നല്‍കുക. 48 മണിക്കൂര്‍ വീട്ടില്‍ വെളളം കെട്ടി നിന്നവര്‍ക്കും സഹായത്തിന് അര്‍ഹതയുണ്ട്. 

സൂക്ഷ്മ പരിശോധനയക്ക് ശേഷം ഒരു കരട് പട്ടിക തയ്യാറാക്കുകയും പരാതികള്‍ കേട്ട ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതിനു ശേഷമാകും ഈ കുടുംബങ്ങള്‍ക്കുളള അടിയന്തര സഹായം നല്‍കുക. സെപ്റ്റംബര്‍ ഏഴിനകം അര്‍ഹരായ എല്ലാവര്‍ക്കും സഹായം നല്‍കാനും റവന്യൂ വകുപ്പ് നല്‍കിയ ശുപാര്‍ശയിലുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ആയിരം വില്ലേജുകളെ പ്രളയ ബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതിയോടെ, ഇതുസംബന്ധിച്ച ഉത്തരവ് നാളെത്തന്നെ പുറത്തിറങ്ങും.

Follow Us:
Download App:
  • android
  • ios