വയനാട്: നിലമ്പൂരിലെ പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് രാജിവച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിൻ്റെ ഉത്തരവാദിത്വം ഏറ്റടുത്താണ് രാജി.

മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ്  കാല പഴക്കത്തിൽ പുഴുവരിച്ച് നശിച്ചത്. ആദിവാസി, ഗോത്രമേഖലയിൽ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്. ദുർഗന്ധത്തെ തുടർന്ന് കെട്ടിടം ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യക്കിറ്റുകൾ നശിച്ച നിലയിൽ കണ്ടത്.