സ്നേഹക്കെതിരെയുള്ള മൂന്നാമത്തെ പോക്സോ കേസ് ആണ്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ സ്നേഹക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
കാസർകോട്: 16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ 25കാരി സ്നേഹ മെർലിനെതിരെ മുൻപും സമാന പരാതികൾ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സ്നേഹ നേരത്തെ തന്നെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ്. ഇപ്പോഴിതാ മൂന്നാമതൊരു പോക്സോ കേസ് കൂടി സ്നേഹക്കെതിരെ വന്നിരിക്കുകയാണ്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന കാസർകോട് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
ഏതാനും മാസം മുൻപാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു സ്നേഹ. തളിപ്പറമ്പ് സ്വദേശിയായ സ്നേഹ, കാസർകോടുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുന്നു. അന്നവിടെ തങ്ങി. ഈ സമയത്താണ് 16കാരിയോട് മോശമായി പെരുമാറിയത്. പേടി കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. പിന്നീട് സഹോദരിയോട് കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മേൽപ്പറമ്പ് പൊലീസിനെ അറിയിക്കുന്നതും കേസ് എടുക്കുന്നതും. പരാതി ലഭിച്ചതിന് പിന്നാലെ സ്നേഹ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് ആൺകുട്ടികളേയും ഒരു പെൺകുട്ടിയേയും പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് സ്നേഹ മെർലിൻ.
