കാലിക്കറ്റ് സർവകലാശാലയിൽ ടെലിസ്കോപ്പ് കാണാതായതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും മോഷണം പോയതായി പരാതി. ഹിന്ദി വിഭാഗത്തിലും ലൈബ്രറിയിലുമായി സ്ഥാപിക്കുന്നതിനായി എത്തിച്ച എസികളുടെ ഉള്ളിലെ കോപ്പറാണ് കാണാതായത്
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ടെലിസ്കോപ്പ് കാണാതായതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും മോഷണം പോയതായി പരാതി. ഹിന്ദി വിഭാഗത്തിലും ലൈബ്രറിയിലുമായി സ്ഥാപിക്കുന്നതിനായി എത്തിച്ച എസികളുടെ ഉള്ളിലെ കോപ്പറാണ് കാണാതായത്.
പുതുതായി എട്ട് എസികളാണ് സർവകലാശാലയിൽ എത്തിച്ചത്. ഇതിൽ നാലെണ്ണം ഫിറ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന നാല് എസികൾ പിന്നീട് സ്ഥാപിക്കുന്നതിനായി മാറ്റിവെച്ചിരുന്നു. ഈ എസികളിൽ നിന്നാണ് കോപ്പർ കാണാതായതെന്നാണ് വിവരം.സംഭവത്തിൽ ഹിന്ദി വിഭാഗം മേധാവി സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകി.
അതേസമയം, ദിവസങ്ങൾക്കുമുമ്പാണ് സർവകലാശാലയിൽ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ടെലിസ്കോപ്പ് കരിപ്പൂരിൽ നിന്ന് പിടിയിലായ മോഷണക്കേസ് പ്രതിയിൽനിന്ന് കണ്ടെത്തിയത്. പൊലീസ് വിവരം അറിയിച്ചതിന് പിന്നാലെയാണ് ടെലിസ്കോപ്പ് മോഷണം പോയ വിവരം സർവകലാശാല അധികൃതർ അറിയുന്നത്. ഇതിന് പിന്നാലെയാണ് എസിക്കുള്ളിലെ കോപ്പറും കാണാതായ സംഭവം പുറത്തുവരുന്നത്.

