'ഫോനി'യുടെ സ്വാധീനം മൂലം ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിന് പുറമേ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവുമുണ്ട്.
ദില്ലി: ഫോനി ചുഴലിക്കാറ്റ് ആന്ധ്ര-ഒറീസ തീരത്തേക്കുള്ള സഞ്ചാരം തുടരുന്നതായി കാലാവസ്ഥാ കേന്ദ്രം. തമിഴ്നാട് തീരത്തോട് അടുക്കാതെ വീശിയ ചുഴിലിക്കാറ്റ് കേരളത്തേയും ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. അതേസമയം , ഫോനിയുടെ സ്വാധീനം മൂലം ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിന് പുറമേ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവുമുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലെർട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് തീരമേഖല. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോരമേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടുമെന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

