ഷവര്‍മ്മ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കന്‍ റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് തെരുവ് നായ കടിച്ചുപറിച്ചു

കോഴിക്കോട്: ഷവര്‍മ്മ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കന്‍ റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് തെരുവ് നായ കടിച്ചുപറിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. പഴയ ബസ് സ്റ്റാന്റിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഒഫിക്‌സ് ഷവര്‍മ്മ സ്റ്റാളിനെതിരായാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ചിക്കന്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സ്ഥാപനം രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഇത്തരവിടുകയായിരുന്നു. ചിക്കന്‍ വിതരണം ചെയ്ത സ്ഥാപനത്തിനെതിരെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയുണ്ടായി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കട തുറക്കുന്നതിന് മുമ്പ് വിതരണക്കാര്‍ ചിക്കന്‍ എത്തിക്കുകയും സ്ഥാപനത്തിന് പുറത്ത് റോഡരികിലായി ഇത് വെച്ച് പോവുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താമരശ്ശേരിയിലെ ചിക്കന്‍ സെന്ററില്‍ നിന്നുമാണ് ഇവിടേക്കുള്ള ഓര്‍ഡര്‍ എത്തിക്കുന്നത്. ഇവര്‍ പോയതിന് പിന്നാലെ പ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവ് നായകളില്‍ ഒന്ന് ചിക്കന്‍ കടിച്ചുപറിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ആളുകളാണ് വിവരം കൊയിലാണ്ടി നഗരസഭാ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. ശ്വേതാ വേലായുധന്റെ നേതൃത്വത്തില്‍ അസി. ഓഫീസര്‍ കെ. അരവിന്ദ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് കട രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ നോട്ടിസ് നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിക്കന്‍ വിതരണം നടത്തിയ താമരശ്ശേരി ചിക്കന്‍ സെന്ററിനെതിരെ നടപടിയെടുക്കുന്നതിനായി ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഡോ. ശ്വേതാ വേലായുധന്‍ പറഞ്ഞു.

YouTube video player