'157 കടകൾ അടച്ചുപൂട്ടി, 33 ലക്ഷം പിഴ, ഷവർമ കച്ചവടക്കാർക്ക് മുന്നറിയിപ്പ്'; പരിശോധന തുടരുമെന്ന് മന്ത്രി വീണ
വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളിൽ നിന്നാണ് 33 ലക്ഷം രൂപ പിഴ ഈടാക്കിയത്. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും മന്ത്രി.

തിരുവനന്തപുരം: ഒക്ടോബറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 8703 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയെന്നും പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. ഒക്ടോബര്‍ മാസത്തില്‍ 111 സാമ്പിളുകള്‍ അണ്‍സേഫ് ആയും 34 സാമ്പിളുകള്‍ സബ്സ്റ്റാന്‍ഡേര്‍ഡ് ആയും 18 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡഡ് ആയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സാമ്പിള്‍ പരിശോധനകളില്‍ 91 സാമ്പിളുകളില്‍ അഡ്ജ്യൂഡിക്കേഷന്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്താകെ 89 പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഭക്ഷണ ശാലകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്തി. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആളുകള്‍ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു. ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തി. ഇത്തരത്തില്‍ 371 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
'മണ്ണിടിഞ്ഞ് ഗതാഗത തടസം, ട്രെയിനുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്ക് അവധി'