Asianet News MalayalamAsianet News Malayalam

എഫ്എസ്എസ് പ്രകാരം അടപ്പിച്ച സ്ഥാപനം തുറക്കാൻ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധമാക്കി: മന്ത്രി

785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ (137) ഹൈജീന്‍ റേറ്റിംഗ് നേടിയത്

food safety training mandatory for hotel staffs, says kerala health minister veena george
Author
First Published Jan 24, 2023, 10:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടണം. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയറിയാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനും കഴിയും. മാത്രമല്ല ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

15000 കോഴി മുട്ട മോഷ്ടിച്ചു, 75000 രൂപയുടെ മുതല്; കോഴിക്കോട് കോഴിമുട്ട കള്ളൻമാർ ഒടുവിൽ പിടിയിൽ!

ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ അടപ്പിച്ച 35 ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോസ്റ്റാക് പരിശീലനം നല്‍കി. ഈ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും ഉള്‍പ്പെടെ 110 ഓളം പേര്‍ പങ്കെടുത്തു. എഫ് എസ് എസ് നിയമ പ്രകാരം ഷെഡ്യൂള്‍ നാലില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റി കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് പരിശീലന ലക്ഷ്യം. സ്ഥാപനം അടച്ചിടാനുള്ള സാഹചര്യവും അത് പരിഹരിക്കാനുള്ള പോംവഴിയും ചര്‍ച്ച ചെയ്തു. ജീവനക്കാരുടെ സംശയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ (137) ഹൈജീന്‍ റേറ്റിംഗ് നേടിയത്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉടന്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ്പിലൂടെയും തൊട്ടടുത്ത് ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനം.

Follow Us:
Download App:
  • android
  • ios