തിരുവനന്തപുരം: കേരള പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചു. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരമാണ് കേരള പൊലീസിൻ്റെ ഫോറൻസിക് ലാബിന് ലഭിച്ചത്. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെടുന്നതാണ് എന്‍.എ.ബി.എല്‍ അംഗീകാരം. ഇതോടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ഉണ്ടാകും.

അംഗീകാരത്തിനായി കഴിഞ്ഞവര്‍ഷം തന്നെ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം കാരണം നേരിട്ടുള്ള പരിശോധനകള്‍ നടത്തിയിരുന്നില്ല. തുടര്‍ന്ന് ബോര്‍ഡിന്‍റെ അഞ്ചംഗ സമിതി നടത്തിയ ഓണ്‍ലൈന്‍ പരിശോധനകള്‍ക്ക് ശേഷമാണ് ലബോറട്ടറിക്ക് അംഗീകാരം നല്‍കിയത്. ഓണ്‍ലൈന്‍ പരിശോധനയിലൂടെ ഇന്ത്യയിലെ ഒരു ഫോറന്‍സിക് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.

നിരവധി സുപ്രധാന കേസുകളില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ള  ഫോറന്‍സിക് സയന്‍സ് ലബോറട്ടറി 1961 ലാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തങ്കവേലു ആയിരുന്നു ആദ്യത്തെ ഓണററി ഡയറക്ടര്‍. കെമിക്കല്‍, ബാലിസ്റ്റിക്, ഡോക്യൂമെന്‍റ്, ബയോളജി, സെറോളജി, എക്പ്ലോസീവ്, സൈബര്‍, ഡി.എന്‍.എ എന്നീ വിഭാഗങ്ങളിലായി നിരവധി ആധുനികസാങ്കേതിക ഉപകരണങ്ങളും സാങ്കേതികവിദഗ്ധരും ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഉണ്ട്. 

തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നിലവിലുണ്ട്. തൃശൂരിലെ ലബോറട്ടറിയില്‍ നര്‍കോട്ടിക് വിഭാഗവും പോളിഗ്രാഫ് വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ എല്ലാ പോലീസ് ജില്ലകളിലും ജില്ലാ മൊബൈല്‍ ഫോറന്‍സിക് യൂണിറ്റുകള്‍ നിലവിലുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എം.എ ലതാദേവി, ജോയിന്‍റ് ഡയറക്ടര്‍മാരായ ഡോ.പ്രദീപ് സജി, ഡോ.സുനില്‍ എസ്.പി എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തത്.