Asianet News MalayalamAsianet News Malayalam

മരങ്ങൾ മുറിച്ചത് റവന്യു പട്ടയ ഭൂമിയിൽ നിന്ന്, മുട്ടിലിൽ 106 ഈട്ടി വെട്ടിയെന്നും വനം വകുപ്പിന്റെ റിപ്പോർട്ട്

മരങ്ങൾ മുറിച്ചത് വന ഭൂമിയിൽ നിന്നല്ലെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ മരങ്ങളും റവന്യു പട്ടയ ഭൂമിയിൽ നിന്നാണ് മുറിച്ചിരിക്കുന്നത്

Forest department Kerala primary investigation report on tree cut controversy
Author
Kochi, First Published Jun 21, 2021, 5:12 PM IST

കൊച്ചി: സംസ്ഥാനത്ത് വിവാദമായിരിക്കുന്ന മരംമുറിയിൽ വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ നിർണായക കണ്ടെത്തലുകൾ. മുട്ടിലിൽ മുറിച്ചത് 106 ഈട്ടി മരങ്ങളാണെന്നും എറണാകുളം ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 മരങ്ങൾ മുറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ജില്ലകളിലെ കണക്ക് പരിശോധിക്കുന്നുണ്ട്.

എന്നാൽ മരങ്ങൾ മുറിച്ചത് വന ഭൂമിയിൽ നിന്നല്ലെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാ മരങ്ങളും റവന്യു പട്ടയ ഭൂമിയിൽ നിന്നാണ് മുറിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങൾ കേസ് അന്വേഷിക്കുന്ന സംഘത്തിന് നൽകും. അതേസമയം മരംമുറി വിവാദത്തിൽ സർക്കാരിനോ മന്ത്രിമാർക്കോ പങ്കില്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുകയാണ് ഇപ്പോഴത്തെ റവന്യു മന്ത്രി കെ രാജൻ.

മരം കൊള്ളയിൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യവിലോപമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സർക്കാർ ഉത്തരവിൽ അവ്യക്തതയില്ല. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് യാഥാർത്ഥ്യം. വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മരംകൊള്ളയിൽ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ഇഡി അടക്കം എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാനുള്ളു എന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios