Asianet News MalayalamAsianet News Malayalam

'ഇടമലക്കുടിയിലേക്ക് വ്ലോ​ഗര്‍ക്ക് അനുമതി ഇല്ലായിരുന്നു'; വിവാദ യാത്രയെക്കുറിച്ച് വനംവകുപ്പ് അന്വേഷണം

രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോ‍ർട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടുക്കിയിലെ ഇടമലക്കുടി. സെൽഫ് ക്വാറന്‍റീനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സർവീസ് വിഭാഗങ്ങളിൽപ്പെട്ടവർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. 
 

Forest departments says they havent given permission to vlogger Sujith Bhakthan to visit idukki
Author
Idukki, First Published Jun 29, 2021, 2:25 PM IST

ഇടുക്കി: ആദിവാസി ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും വ്ലോഗറും ചേർന്ന് നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പിനെ അറിയിക്കാതെ വ്ലോഗർ എംപിയ്ക്കൊപ്പം പോയതിലാണ് അന്വേഷണം. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിക്കാത്ത ഇടമലക്കുടിയിലേക്ക് എംപി ഡീൻ കുര്യാക്കോസിനും സംഘത്തിനുമൊപ്പം കഴിഞ്ഞ ദിവസമാണ് വ്ലോഗർ സുജിത്ത് ഭക്തൻ പോയത്. 

സെൽഫ് ക്വാറന്‍റീനിലുള്ള ഇടമലക്കുടിയിലേക്ക് എംപിയ്ക്ക് പോകാമെങ്കിലും വ്ലോഗർ സുജിത്ത് ഒപ്പം വരുന്നതിനെ കുറിച്ച് വനംവകുപ്പിനെ അറിയിച്ചിരുന്നില്ല. അത്യാവശ്യക്കാരെ മാത്രമേ ഒപ്പം കൂട്ടാവുവെന്ന് വ്യക്തമാക്കിയാണ് എംപിയ്ക്ക് യാത്രാനുമതി നൽകിയിരുന്നതെന്നും ഇതിന്‍റെ ലംഘനമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണമെന്നും വനംവകുപ്പ് അറിയിച്ചു. ആദിവാസി അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് സംഭവിച്ചതെന്നും ആരോപണമുണ്ട്. 

വ്ലോഗർ ആദിവാസികളെ കാഴ്ച വസ്തുക്കളാക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തെന്ന് കാണിച്ച് ദേശീയ പട്ടികവർഗ കമ്മീഷന് പരാതി നൽകുമെന്ന് സാമൂഹ്യ പ്രവർത്തകൻ എം എൻ ജയചന്ദ്രൻ അറിയിച്ചു. എംപിയ്ക്കും സുജിത്തിനും എതിരെ നടപടി ആവശ്യപ്പെട്ട് എഐവൈഎഫും പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം വിവാദം അനാവശ്യമെന്ന നിലപാടിലാണ് എംപി ഡീൻ കുര്യാക്കോസ്. ഇടമലക്കുടിയിലെ സ്കൂളിലേക്ക് പഠനോപകരണങ്ങൾ നൽകാനാണ് പോയതെന്നും വിവാദം അനാവശ്യമാണെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
 

Follow Us:
Download App:
  • android
  • ios