കാര്യങ്ങള്‍ മനസിലാക്കാതെ ചില നേതാക്കള്‍ പ്രതികരിക്കുകയാണെന്നും എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടുവെന്നും അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് നോട്ടീസ് അയക്കാൻ ആര്‍ക്കാണ് അധികാരമെന്നും എകെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണമെന്ന എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവ് എന്‍എ മുഹമ്മദ് കുട്ടിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എകെ ശശീന്ദ്രൻ. കാര്യങ്ങള്‍ മനസിലാക്കാതെ ചില നേതാക്കള്‍ പ്രതികരിക്കുകയാണെന്നും എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടുവെന്നും അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് നോട്ടീസ് അയക്കാൻ ആര്‍ക്കാണ് അധികാരമെന്നും എകെ ശശീന്ദ്രൻ തുറന്നടിച്ചു. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനാല്‍ ശരദ് പവാര്‍ പക്ഷത്തിനൊപ്പമുള്ള എകെ ശശീന്ദ്രൻ സ്ഥാനം രാജിവെയ്ക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ എന്‍സിപി എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കുമെന്നുമായിരുന്നു എന്‍എ മുഹമ്മദിന്‍റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്ന് എകെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയന്ത് പാട്ടീൽ അധ്യക്ഷനായ എന്‍സിപിക്കാണ് (മഹാരാഷ്ട്ര ശരദ് പവാർ പക്ഷം ) തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി ബാധകം. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അന്തിമമല്ല. ചരിത്രത്തിൽ ജന പിന്തുണ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ അടിസ്ഥാനമാക്കി അല്ല. കേരളത്തില്‍ എൽഡിഎഫിൽ തുടരുമെന്നാണ് അജിത് പവർ പക്ഷത്തിന്‍റെ വാദം. എല്‍ഡിഎഫിലേക്ക് പ്രവേശിക്കാൻ നോട്ടീസ് കൊടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്‍ഡിഎഫിലേക്ക് പുതിയ ആളുകളെ എടുക്കുന്നതായി അറിയില്ല. തെറ്റിദ്ധാരണ പരത്തി കുറച്ച് പ്രവർത്തകരെ ഒപ്പം കൂട്ടാനുള്ള ശ്രമമാണെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

