തിരുവനന്തപുരം: മുട്ടിലെ മരംമുറി കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപ്പുതിന്നവൻ വെള്ളം കുടിക്കും. മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന ആരോപണം തെറ്റാണെന്ന് ഇന്നത്തെ ദേശാഭിമാനി വാർത്തയിൽ വ്യക്തം. മറ്റ് ആരോപണങ്ങളെല്ലാം വീണിടത്തു കിടന്ന് ഉരുളുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇതുമായി ബന്ധപ്പെട്ട് ഒരു ഉന്നത തല അന്വേഷണം തന്നെയാണ് ഉദ്ദേശിക്കുന്നത്. ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലൻസ് എന്നിവയിൽ നിന്നുള്ള പ്രത്യേക സംഘത്തെ വച്ചുള്ള അന്വേഷണം  നടക്കും. നടപടികൾ തുടരുകയാണ്.  മരം മുറിയുമായി ബന്ധപ്പെട്ട് കർഷകർ ഇടുക്കിയിൽ നിന്നായിരുന്നു കൂടുതൽ ആവശ്യം മുന്നോട്ടുവന്നത്. അവിടെ മരം മുറിക്കുന്നതിന് സാധിക്കുന്നില്ല എന്നത്. അതിന്റെ ഭാഗമായി എല്ലാവരും കൂടി ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. രണ്ടോ മൂന്നോ വർഷം മുമ്പ് എടുത്തതാണ്. 

ആ തീരുമാനത്തിന്റെ ഭാഗമായുള്ള വിശദീകരണം എന്ന നിലയ്ക്കാണ് ഇവർ കൊടുത്തത്. അതിന്റെ മറവിലാണ് ചിലർ വിദ്യകൾ കാണിക്കാൻ മുതിർന്ന്ത്. ആരാണോ ഉപ്പ് തിന്നത് അവർ വെള്ളം കുടിക്കുമെന്ന് തന്നെയാണ് ഇപ്പോഴുളള അനുഭവം. കർക്കശമായ നിലപാടിലേക്ക് തന്നെ സർക്കാർ നീങ്ങുകയാണ്. അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിക്കൊപ്പം ചിത്രം: മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രിയുടെ പങ്കുണ്ടെന്ന് കാണിച്ച് പിടി തോമസ് നിയമസഭയിൽ പുറത്തുവിട്ട ചിത്രത്തെ കുറിച്ചുള്ള വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ആ പങ്കെന്താണെന്ന് സംബന്ധിച്ച് ഇന്ന് ഒരു പത്രം വിവരം പുറത്തുവിട്ടിട്ടുണ്ട്. ഞാനും അയാളും തമ്മിലുള്ള രഹസ്യ കാഴ്ചയല്ലല്ലോ അത്. അത് ദേശാഭിമാനി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതാണ്. അപ്പോൾ അതെങ്ങനെ മുഖ്യമന്ത്രിയുടെ പങ്കാകുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ പരിപാടിയിൽ എങ്ങനെ അയാൾ പങ്കെടുത്തുവെന്നായിരുന്നു പിടി തോമസിന്റെ ചോദ്യമെന്ന് ഓർമിപ്പിച്ചപ്പോൾ, അങ്ങനെ പലതും അയാൾ ചോദിക്കുമെന്നും വീണിടത്തുന്നിന്ന് കാണിക്കുന്ന വിദ്യയെന്നും പറഞ്ഞ് മറുപടി. മുഖ്യമന്ത്രിയെ പറഞ്ഞ കാര്യം തെറ്റിയെന്ന് കണ്ടപ്പോൾ അതിൽ മറ്റൊരു കാര്യം പറഞ്ഞതെന്നും വിശദീകരിക്കുന്നു.