Asianet News MalayalamAsianet News Malayalam

കിഫ്ബി-സിഎജി വിവാദം; ധനമന്ത്രിയുടെ നടപടി ചട്ടലംഘനമെന്ന് മുൻ എജി

എജിയുടെ റിപ്പോർട്ടിൽ രാഷ്ട്രീയ ഇടപെടൽ സാധ്യതയില്ലെന്നും കേരളത്തിലെ ഏജിയുടെ റിപ്പോർട്ടിൽ സിഎജി ഒപ്പ് വയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജയിംസ് ജോസഫ് വ്യക്തമാക്കി.

former accountant general says Thomas Isaac decision to disclose cag report is violation of rules
Author
Trivandrum, First Published Nov 18, 2020, 10:00 AM IST

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി ചട്ടലംഘനമെന്ന് മുൻ അക്കൗണ്ടൻ്റ് ജനറൽ. എജി ഗവർണർക്കാണ് റിപ്പോർട്ട് നൽകുന്നതെന്നും രഹസ്യ രേഖയാണ് പുറത്ത് വിട്ടതെന്നും മുൻ എജി ജയിംസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് നിയമസഭയുടെ അവകാശ ലംഘനമാണ്. റിപ്പോർട്ടിൽ ദില്ലിയിൽ നിന്നുള്ള ഇടപെടൽ സാധ്യതയും മുൻ എജി തള്ളി. 

എജിയുടെ റിപ്പോർട്ടിൽ രാഷ്ട്രീയ ഇടപെടൽ സാധ്യതയില്ലെന്നും കേരളത്തിലെ ഏജിയുടെ റിപ്പോർട്ടിൽ സിഎജി ഒപ്പ് വയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജയിംസ് ജോസഫ് വ്യക്തമാക്കി.

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് പുറത്ത് വിട്ട് കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് സംസ്ഥാന ധനമന്ത്രി ഉന്നയിച്ചത്. സ്വർണക്കടത്ത്, ബിനീഷ് വിവാദങ്ങളിൽ സിപിഎം മുങ്ങിനിൽക്കുമ്പോഴായിരുന്നു സിഎജിക്കെതിരായ ആക്രമണം. സിഎജി റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രി തുറന്നുവിട്ട ഭൂതം മറ്റ് വിവാദങ്ങളെ വിഴുങ്ങുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ.

എന്നാൽ ധനമന്ത്രി തന്നെ വെട്ടിലായതോടെ സിഎജിക്കെതിരായ നീക്കവും സർക്കാരിന് നേരെ തിരിയുകയാണെന്നതാണ് നിലവിലെ സ്ഥിതി. കരട് റിപ്പോർട്ടെന്ന തോമസ് ഐസക്കിന്‍റെ വാദം കൂടി പൊളിഞ്ഞതോടെ സർക്കാർ ചെന്നുവീഴുന്നത് കൂടുതൽ കുരുക്കിലേക്കാണ്. പ്രതിസന്ധികളിൽ നട്ടംതിരിയുമ്പോൾ സിപിഎം ബോധപൂർവ്വം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജി വിവാദമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി കഴിഞ്ഞു. വിവാദ റിപ്പോർട്ട് സഭയിൽ എത്തുമ്പോൾ കിഫ്ബിക്കെതിരായ പ്രതിപക്ഷ നീക്കങ്ങൾ ഒരു മുഴം മുൻപെ തടയാനായി എന്നത് മാത്രമാണ് സർക്കാരിന്‍റെ നേട്ടം. 

Follow Us:
Download App:
  • android
  • ios