Asianet News MalayalamAsianet News Malayalam

കതിരൂര്‍ സ്ഫോടനം; ഗുരുതര പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആള്‍ക്ക്, ഇരു കൈപ്പത്തികളും അറ്റു

ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. തെളിവില്ലെന്ന് കണ്ട് രമീഷിനെ കോടതി വെറുതെവിടുകയായിരുന്നു.
 

former accused in t p murder case injured badly in Kadirur explosion
Author
Kannur, First Published Sep 4, 2020, 6:20 PM IST

കണ്ണൂ‍ർ: കതിരൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടി പി വധക്കേസിൽ ഉള്‍പ്പെട്ടയാളുടെ രണ്ട് കൈപ്പത്തിയും തകർന്നു. അഴിയൂർ സ്വേദശി രെമീഷ് അടക്കം രണ്ട്  സിപിഎം പ്രവർത്തകർക്കാണ് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നിർമ്മിക്കുന്നതിനിടെ  സ്റ്റീൽ ബോംബ് പൊട്ടിയത്. സിപിഎം ശക്തി കേന്ദ്രമായ പൊന്ന്യത്ത് രണ്ട് പേർ ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ ഷെഡ് കെട്ടിയായിരുന്നു സ്റ്റീൽ ബോംബ് നർമ്മാണം. 

ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവ‍ർത്തകരായ രെമീഷ്, സജിലേഷ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണസംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന്കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത രെമീഷന്‍റെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു. ടി പി കേസിലെ മുഖ്യപ്രതിയായ കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് അഴിയൂർ സ്വദേശിയായ രെമീഷ്. 

ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥ‍ർ സ്ഥലത്തെത്തി. നിർമ്മാണം പൂർത്തിയായ 13 സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു. സ്ഫോടനം നടന്നയിടത്ത് നിന്നും രണ്ടുപേരുടെ ചെരുപ്പും കിട്ടിയിട്ടുണ്ട്. കൂടുതൽ പേർ ബോംബ് നിർമ്മാണത്തിൽ പങ്കെടുക്കുന്നുണ്ടോ എന്ന് പരിശോധന തുടരുകയാണ്. പരിക്കേറ്റ രണ്ടാമൻ സജിലേഷിന്‍റെ നില ഗുരുതരം അല്ലെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios