ചെന്നൈ: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനും മുന്‍ സിബിഐ ഡയറക്ടറുമായിരുന്ന വി ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു. ചെന്നൈ എഗ്മോറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.

രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ലക്ഷ്മിനാരായണന്‍. 1977 ഒക്ടോബര്‍ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് ലക്ഷ്മിനാരായണന്‍ ആയിരുന്നു. തമിഴ്നാട് ഡിജിപിയായിരിക്കുമ്പോൾ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു. ദീർഘ കാലം തമിഴ്നാട് ഡിജിപിയായിരുന്ന ഇദ്ദേഹം 1985 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തി.