മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി സിപിഎം വിട്ട ജി സുധാകരൻ. മുഖ്യമന്ത്രി തനിക്ക് ചെറ്റ എന്ന് പേരിട്ടുവെന്നും ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ?ഇക്കാര്യം ജനം ചിന്തിക്കണമെന്നും സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി സിപിഎം വിട്ട ജി സുധാകരൻ. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ?ഇക്കാര്യം ജനം ചിന്തിക്കണം. ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി സുധാകരൻ പറഞ്ഞു.
ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു. എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോൺഗ്രസിൽ ആള് കൂടുന്നത് നല്ല പ്രവർത്തികൊണ്ട് മാത്രമാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ല. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‍യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിലില്ല. ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി സുധാകരന്റെ തന്തക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം, ജി സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പ്രയോഗത്തെ ന്യായീകരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലൻ രംഗത്തെത്തി. ജി സുധാകരൻ കാണിച്ചത് ‘ചെറ്റത്തരമെന്ന’ മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ലെന്നാണ് ബാലന്റെ വാദം. മുഖ്യമന്ത്രി ജി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് പറഞ്ഞതെന്നാണ് ബാലന്റെ ന്യായീകരണം. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. ജി സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ടെന്നും കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി സുധാകരൻ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു.
ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. കോൺഗ്രസിന്റെ സഹായത്തോടെ സുധാകരന് വോട്ട് പിടിക്കാൻ എങ്ങനെ കഴിയുന്നുവെന്നും ബാലൻ ചോദിച്ചു.
പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ചെറ്റത്തരം’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. ഇതോടെ മറുപടിയുമായി ജി സുധാകരനും രംഗത്തെത്തിയിരുന്നു. ചെറ്റയെന്ന വിളിയിൽ അഭിമാനം കൊളളുന്നുവെന്നും ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. 18 വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ വീണ്ടും വിമർശനം കടുപ്പിച്ചത്.



