അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പത് മണിക്ക് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വെക്കും.

കോഴിക്കോട്: കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് യു രാജീവൻ (U Rajeevan) അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദബാധയെ തുടർന്നുള്ള ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒന്‍പത് മണിക്ക് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വെക്കും. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഊർജ്ജസ്വലമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു യു രാജീവൻ.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദം സൂക്ഷിച്ച രാജീവൻ മാസറ്റർ കെഎസ്‍യുവിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. പുളിയഞ്ചേരി സൗത്ത് എൽപി സ്കൂളിൽ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പ്രസിഡന്‍റ് പദവിയിലെത്തുന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനായും കണ്‍വീനറായും നിരവധി തവണ പ്രവർത്തിച്ചു.

  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ 4.20 ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമജീവിതത്തില്‍ ആയിരുന്നു. കെഎസ്‍യുവിലൂടെയായിരുന്നു ബഷീർ രാഷ്ട്രീയത്തിലേക്കെത്തിയത്. ചിറയിൻകീഴിൽ നിന്ന് ലോക്സഭാംഗമായും, കഴക്കൂട്ടത്ത് നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് എംഎൽഎ സ്ഥാനം എ കെ ആന്‍റണിക്ക് വേണ്ടി രാജിവെച്ചു. രണ്ടുതവണ രാജ്യസഭാംഗമായും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ കെപിസിസി ആക്ടിങ് പ്രസിഡന്റായിരുന്നു. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്നു. പരേതയായ സുഹ്റയാണ് ഭാര്യ. നടന്‍ പ്രേം നസീറിന്‍റെ സഹോദരിയാണ് സുഹ്റ. തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അനുശോചിച്ചു. മരണത്തിൽ ആദരസൂചകമായി കെപിസിസി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. നാളെ രാവിലെ 11 മുതല്‍ 11.30 വരെ കെപിസിസി ആസ്ഥാനത്തും തുടർന്ന് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് 5 ന് പേരുമല കബർസ്ഥാനിൽ കബറടക്കും.