തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ആളുകളെ ക്യൂ നിര്‍ത്തുന്ന പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. മറ്റ് രാജ്യങ്ങളിലെ വാഹന പരിശോധനാ രീതികള്‍ ചൂണ്ടിക്കാട്ടിയുള്ള ഒരു ട്രോള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ജേക്കബ് പുന്നൂസിന്‍റെ വിമര്‍ശനം.

കുറിപ്പിങ്ങനെ..

വളരെ അര്‍ത്ഥവത്തായ ട്രോള്‍. പലര്‍ക്കും ഇത്തരം തോന്നലുകളുണ്ടാകും പക്ഷെ പ്രതികരിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്.  ഡ്രൈവറോട് ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇതിന് നിയമ സാധുതയുമില്ല. മോശം കാലാവസ്ഥ കൂടിയാണെങ്കില്‍ അത് വലിയൊരു ക്രൂരതയുമാകുന്നു. അതുകൊണ്ടുതന്നെ ഇതില്‍ മാറ്റം വരണം.

എന്‍റെ കാലത്ത് ഞാന്‍ ചില മാറ്റങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. പതിറ്റാണ്ടുകളായി പരിചയിച്ചുവന്ന പഴഞ്ചന്‍ രീതി മാറ്റാന്‍ എതിര്‍പ്പുകള്‍ കൊണ്ട് എനിക്ക് സാധിച്ചില്ലെന്നത്  ഞാന്‍ ഏറ്റുപറയുകയാണ്.മൃഗങ്ങളോട് പെരുമാറുന്നതുപോലെ ഉള്ള നിലവിലെ രീതി വളരെ മോശമാണ്. ഇത് മാറ്റത്തിന്‍റെ സമയമാണ്. ജനങ്ങള്‍ക്ക് അറിയാം വിദേശത്തെ രീതികളെ കുറിച്ച്. അതുകൊണ്ടുതന്നെ അവര്‍ നല്ല സേവനം പ്രതീക്ഷിക്കും. 

അത് തന്നെയാണ് ഈ ട്രോള്‍ വഴി പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ വികാരം കേരളാ പൊലീസ് തിരിച്ചറിയണം. അങ്ങനെയെങ്കില്‍ അത് പൊലീസിന് ഏറെ ഗുണംചെയ്യുകയും സല്‍പ്പേര് വാങ്ങിക്കൊടുക്കുകയും ചെയ്യും. പൊതുജനം നല്‍കുന്ന സല്‍പ്പേരാണ് നല്ല പൊലീസിങ്ങിന്‍റെ അടിത്തറ.-