അരുണ്‍കുമാറിന് അസുഖം സ്ഥിരീകിരിച്ച സമയത്ത് ദില്ലിയിലെത്തി കണ്ടിരുന്നു. ജീവിതത്തെ തിരികെ പിടിക്കാമെന്ന പ്രതീക്ഷിയിലായിരുന്നു അദ്ദേഹമെന്നും തച്ചങ്കരി പറഞ്ഞു.
തിരുവനന്തപുരം: അന്തരിച്ച സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസിനെ അനുസ്മരിച്ച് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. വിഷമകാല ഘട്ടത്തിലും സന്തോഷത്തിലുമെല്ലാം കൂടെ നിന്ന ആത്മ സുഹൃത്തിന്‍റെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.1987 ഐപിഎസ് ബാച്ചുകാരായിരുന്നു ഞങ്ങള്‍, ആ കാലം മുതൽ ഇതുവരെ ആത്മ സുഹൃത്തുക്കളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ് പി ജി ഡയറക്ടറായി പ്രവർത്തന മേഖല ദില്ലിയിലേക്ക് മാറിയെങ്കിലും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഭാര്യ മരിച്ച സമയത്ത് അത്മബലം നൽകി കൂടെ നിന്നു. ഭാര്യയുടെ മരണത്തിന് ശേഷം ഫോണിൽ വിളിച്ച് നിരന്തരം വിശേഷങ്ങള്‍ തിരക്കിയിരുന്നു. കൊച്ചിയിൽ വന്ന് ഇടയ്ക്ക് താമസിക്കാറുണ്ടായിരുന്നു. ഒരേ ഫ്ലാറ്റിൽ താമസ സൌകര്യം ഒരുക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു. വിരമിച്ച ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും പൊതു രംഗത്തേക്കും വരണമെന്നായിരുന്നു അരുണ്‍കുമാർ സിൻഹ ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ നാടായ റാഞ്ചിയിൽ നിരവധി സേവന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയിരുന്നതായും തച്ചങ്കരി പറഞ്ഞു. അരുണ്‍കുമാറിന് അസുഖം സ്ഥിരീകിരിച്ച സമയത്ത് ദില്ലിയിലെത്തി കണ്ടിരുന്നു. ജീവിതത്തെ തിരികെ പിടിക്കാമെന്ന പ്രതീക്ഷിയിലായിരുന്നു അദ്ദേഹമെന്നും തച്ചങ്കരി പറഞ്ഞു.
ഒരേ ബാച്ചു കാരാണെങ്കിലും ടോമിൻ ജെ തച്ചങ്കരി വൈകിയാണ് സർവ്വീസ് ജീവിതം തുടങ്ങിയത്. തച്ചങ്കരി ആലപ്പുഴ എഎസ്പി ആയിരിക്കുമ്പോഴാണ് മൂത്ത മകൾ മേഘ ജനിക്കുന്നത്. മകളുടെ ഒന്നാം ജൻമ ദിനത്തിന് കുഞ്ഞിനെ ലാളിക്കുന്ന പ്രിയ സുഹൃത്ത് അരുൺ കുമാർ സിൻഹയുടെ ദൃശ്യങ്ങൾ ഇന്നും തച്ചങ്കരി സൂക്ഷിക്കുന്നുണ്ട്. അന്ന് ആലപ്പുഴയിലെ ട്രെയിനി എപിഎസുകാരനാണ് സിൻഹ. സർവീസ് ജിവിതത്തിൽ നിന്നും വിരക്കുന്നതിന് മുമ്പ് ദില്ലിയിൽ സുഹൃത്തുക്കൾ ഒരുക്കിയ യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം തച്ചങ്കരി നേരെ പോയത് സിൻഹയുടെ വീട്ടിലേക്കാണ് . ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ അരുൺ കുമാർ സിൻഹയുമായി ഏറെ നേരെ സമയം ചെലവഴിച്ച ശേഷമാണ് അന്ന് തച്ചങ്കരി മടങ്ങിയത്
2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്ന അരുണ്‍കുമാർ സിൻഹ ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിൽ വെച്ചാണ് ഇന്ന് മരണപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു.
